പഴയ ഫീസില്‍ തന്നെ ജെ.എന്‍.യുവില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് കോടതി


ന്യൂഡല്‍ഹി: പഴയ ഫീസ് ഘടനയില്‍ ജെഎന്‍യുവില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍വകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. പഴയ ഫീസില്‍ തന്നെ ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ജനാധിപത്യ വിരുദ്ധമായി ഫീസ് വര്‍ദ്ധിപ്പിച്ച സര്‍വ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കിയിരുന്നു.

രജിസ്‌ട്രേഷന്‍ യൂണിയന്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചിരുന്നു. ഫീസ് വര്‍ദ്ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥി യൂണിയന്റെ സമരം തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎന്‍യു കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബര്‍ മൂന്നിന് പുതിയ ഐഎച്ച്എ മാനുവല്‍ ഡ്രാഫ്റ്റ് സര്‍വകലാശാല പുറത്തുവിട്ടത് മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ചര്‍ച്ച കൂടാതെ മാനുവല്‍ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങുകയായിരുന്നു.

SHARE