ഡല്‍ഹിയില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു ശേഷം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന സര്‍വേ പ്രവചനത്തിനിടെ ഡല്‍ഹിയില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പൗരത്വ നിയമം, എന്‍. ആര്‍.സി എന്നിവ നടപ്പിലാക്കില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രകടനപത്രിക തീരുമാനിക്കാനുള്ള ആദ്യ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തെന്നും പ്രകടന പത്രികയില്‍ വിഷയത്തിലുള്ള നിലപാട് ഉള്‍പ്പെടുത്തുമെന്നും ഇപ്പോഴത്തെ രീതിയില്‍ പൗരത്വ നിയമം, എന്‍. ആര്‍.സി എന്നിവ നടപ്പിലാക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

2010ലെ പൗരത്വ രജിസ്റ്ററും മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 2020ലെ പൗരത്വ രജിസ്റ്ററും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക ചെയര്‍മാന്‍ അജയ് മാക്കന്‍ പറഞ്ഞു. കേന്ദ്രം നിയമവിരുദ്ധമായ ആറ് ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയെന്നും അത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിഭജിക്കുന്നതിന് വേണ്ടി ബി.ജെ.പി നിയമവിരുദ്ധമായ കാര്യം ചെയ്യുകയാണ്. പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ പുതിയ ചോദ്യങ്ങള്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായി മാതാപിതാക്കളുടെ ജനനത്തിയതിയും ജനനനസ്ഥലവും ചോദിക്കുകയാണ്. അതില്‍ ചില പ്രശ്നങ്ങളുണ്ട്. എന്നെ പോലുള്ളവരോട് എവിടെയാണ് നിങ്ങളുടെ പിതാവും മാതാവും ജനിച്ചെന്ന് ചോദിക്കുന്നത് പ്രശ്നമാണ്. എന്റെ മാതാപിതാക്കള്‍ ജനിച്ചത് പാകിസ്താനിലാണ്. എവിടെ നിന്ന് കിട്ടും എനിക്കതിന്റെ വിവരങ്ങള്‍?’ അജയ് മാക്കന്‍ ചോദിച്ചു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ 70ല്‍ 59 സീറ്റുമായി ആംആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്തുമെന്നാണ് എബിപി സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ഡല്‍ഹിയില്‍ ബി.ജെ.പിക്ക് എട്ടും, കോണ്‍ഗ്രസിന് മൂന്ന് സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്. ആപിന് 53 ശതമാനം വോട്ടും ബി.ജെ.പിക്ക് 26 ശതമാനം വോട്ടും പ്രവചിക്കുന്ന സര്‍വേ കോണ്‍ഗ്രസിന് അഞ്ച് ശതമാനം വോട്ടു മാത്രമേ ലഭിക്കൂവെന്നും പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിനെ 70 ശതമാനം പേരും പിന്തുണക്കുമ്പോള്‍ 11 ശതമാനം പിന്തുണയുള്ള ഹര്‍ഷ് വര്‍ധനാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പില്‍ ആപ് വിജയിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേരും ഉറപ്പിച്ച് പറയുന്നു. 19 ശതമാനം ബി.ജെ.പിയേയും മൂന്ന് ശതമാനം പേര്‍ കോണ്‍ഗ്രസിനൊപ്പവും നിലയുറപ്പിക്കുന്നു. 2015ല്‍ 70ല്‍ 67 സീറ്റുമായാണ് ആംആദ്മി പാര്‍ട്ടി ആദ്യമായി അധികാരത്തിലേറിയത്. ബി.ജെ.പിക്ക് മൂന്ന് സീറ്റു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആപ് പാലിച്ചതായാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടുന്നത്.

SHARE