ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അജയ് മാക്കന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം അജയ് മാക്കാന്‍ രാജിവെച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് രാജിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് മാക്കാന്‍ രാജി വിവരം ട്വീറ്റിലൂടെ പ്രഖ്യാപിച്ചത്. രാജി രാഹുല്‍ അംഗീകരിച്ചു.

അരവിന്ദ് സിങ് ലവ്‌ലിക്കാണ് പകരം ചുമതല നല്‍കിയത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പു വരുന്നതിനാല്‍ പുതിയ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടു വരാനോ ലോക്‌സഭയിലേക്ക് മത്സരിക്കാനോ പദ്ധതിയുണ്ടെന്നാണ് വിവരം. നാലു വര്‍ഷം മുമ്പാണ് ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം അജയ് മാക്കാന്‍ ഏറ്റെടുത്തത്. മൂന്നു മാസം മുമ്പും മാക്കാന്‍ രാജി സമര്‍പ്പിച്ചിരുന്നെങ്കിലും അന്ന് കോണ്‍ഗ്രസ് അത് നിരാകരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നം മൂലം വിദേശത്ത് ചികിത്സയിലായിരുന്നപ്പോഴായിരുന്നു രാജി സമര്‍പ്പിച്ചത്. അന്ന് പി.സി ചാക്കോയാണ് താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത്.