ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. വനിതാ കോളജില്‍ ഫെസ്റ്റ് നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ സി.എ.എ അനുകൂലികളെന്ന് നിരവധി ആളുകള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ചത്. വിഷയം കൊളേജ് അധികൃതര്‍ മൂടിവെക്കുകയായിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റുമാണ് സംഭവത്തിന്റെ ഗൗരവം പുറത്തറിയുന്നത്.
വാർഷിക ആഘോഷം നടക്കുന്നതിനിടെ കാന്പസിൽ കടന്നു കയറിയ ഒരു വിഭാഗം പുരുഷന്മാരാണ് വനിത കോളജിലെ വിദ്യാർഥിനികളെ കടന്നു പിടിക്കുകയും അശ്ലീല പ്രദർശനം നടത്തുകയും ഉപദ്രവിക്കുകയും ചെയ്തതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പരാതിപ്പെട്ടത്.
വിഷയം കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ലോകസ്ഭയില്‍ ഉന്നയിച്ചത്. വിഷയം ആംആദ്മി പാര്‍ട്ടി രാജ്യസഭയിലും ഉന്നയിച്ചതോടെ അക്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു.
വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് കോളേജില്‍ എത്തി അന്വേഷണം നടത്തി. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ പുറത്തുനിന്ന് എത്തിയവര്‍ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും വിഷയത്തില്‍ ഡല്‍ഹി പോലീസിനും കോളേജ് അഡ്മിനിസ്ട്രേഷനും നോട്ടീസ് നല്‍കിയതായും ദേശീയ വനിതാ കമ്മീഷന് സ്വതി മാലിവാള്‍ പറഞ്ഞു. അക്രമം നടത്തിയവര്‍ക്കെതിരേയും അവരെ സംരക്ഷിച്ചവര്ക്കുമെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കോളേജ് ഫെസ്റ്റിവലിന് ഇടയിലാണ് സംഭവം. വൈകീട്ട് ആറുമണിയോടെ മദ്യപിച്ചെത്തിയ ഒരു പുരുഷസംഘം കോളേജ് ഗേറ്റിനടുത്തെത്തി വിദ്യാര്‍ത്ഥികളെ തടയുകയായിരുന്നു. തുടര്‍ന്ന് ക്യാമ്പസിലേക്ക് കടന്ന സംഘം ബലംപ്രയോഗിച്ച് പെണ്‍കുട്ടികളുടെ മേല്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
വിഷയം കൊളേജ് അധികൃതര്‍ മൂടിവെക്കുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളും അധ്യാപികയും സാമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തറിയുന്നത്.
സംഭവത്തില്‍ ഡല്‍ഹി പൊലീസിനെതിരേയും തലസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തിന് ഉത്തരവാദിയായ ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വ്യക്താവ് ശ്രീവാസ്ത രംഗത്തെത്തിയത്.
ഞങ്ങളുടെ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത്, ഡല്‍ഹിയിലെ ഗാര്‍ഗി കോളേജില്‍ ഫെസ്റ്റ് നടക്കുമ്പോള്‍ സിഎഎ അനുകൂല റാലിയിലെ ബിജെപിയോ സംഘികളോ ആയ ഒരു കൂട്ടം പുരുഷന്മാര് അതിക്രമിച്ച് കയറിയെന്നും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അവര്‍ക്കുമേല്‍ സ്വയംഭോഗം നടത്തിയതായും ശ്രീവാസ്ത ആരോപിച്ചു.
ഡല്‍ഹിയുടെ ക്രമസമാധാനപാലനത്തിന് ഉത്തരവാദി അമിത് ഷാ തന്നെയല്ലെ, ഈ അക്രമത്തില്‍ ഒരൊറ്റ അറസ്റ്റുപോലും ഉണ്ടാകില്ലെന്ന കാര്യത്തില്‍ ഞാന്‍ വെല്ലുവിളിക്കുന്നതായും ശ്രീവാസ്ത പരിഹസിച്ചു.
അക്രമികള്‍ പൗരത്വനിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാണെന്നും ബിജെപി സര്‍ക്കാറിനെതിരെയും സിഎഎക്ക് എതിരേയും പ്രതിഷേധം നടത്തിയതിനെതിരായാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചതെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ ഡല്‍ഹി പോലീസ് മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗീതഞ്ജലി ഖണ്ടേല്വാളിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.