ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ച് ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി

ന്യൂഡല്‍ഹി: സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. ലോക്ക്ഡൗണ്‍ നിയമങ്ങളും സാമൂഹിക അകലം പാലിക്കലിന്റെ മാനദണ്ഡങ്ങളും ലംഘിച്ചാണ് എംപി കൂടിയായ തിവാരി തിങ്കളാഴ്ച ഹരിയാനയിലെ സോണിപേട്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയത്. മുഖംമൂടിയില്ലാതെ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയ മനോജ് തിവാരിയുടെ ദൃശ്യങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിടുന്നത്.

നാലാം ഘട്ട ദേശീയ ലോക്ക്ഡൗണിനുള്ള സാമൂഹിക അകലവും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ച് സോണിപട്ട് ജില്ലയിലെ ഷെയ്ഖ്പുരയിലെ ഒരു അക്കാദമിയില്‍ തിവാരി ക്രിക്കറ്റ് കളിച്ചതായാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. മെയ് 17 ന് പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാപനത്തെ ആശ്രയിച്ചാണ് താന്‍ കളിക്കാന്‍ ഇറങ്ങിയതെന്നാണ് തിവാരിയുടെ വാദം. എന്നാല്‍, ഒളിമ്പിക് സ്‌പോര്‍ട്‌സിലെ അത്‌ലറ്റുകള്‍ക്ക് കാണികളില്ലാതെ പരിശീലനം പുനരാരംഭിക്കാനുള്ള അനുമതിയായിട്ടാണ് വിജ്ഞാപനം ഉണ്ടായതെന്നണ് വിവരം.

അതേസമയം, നിയമങ്ങള്‍ ലംഘിച്ചു ക്രിക്കറ്റ് കളിച്ചെന്ന ആരോപണം ബിജെപി മേധാവി മനോജ് തിവാരി തള്ളിക്കളഞ്ഞു. കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ കളിക്കിടെ പാലിക്കേറ്റ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍,എന്നാല്‍ നിലവിലെ കളിക്കാര്‍ക്ക് പരിശീലത്തിനായി കാണികളെയോ മറ്റോ അനുവദിക്കാതെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാമെന്ന നിര്‍ദ്ദേശമാണ് ബിജെപി നേതാവ് വാദത്തിനെടുത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. നിയമങ്ങള്‍ ലംഘിച്ചുള്ള ക്രിക്കറ്റ് കളിയാണ് ബിജെപി മേധാവി കളിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. തിവാരി കളിക്കുമ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും മൈതാനത്ത് ഉണ്ടായിരുന്ന മറ്റ് ആളുകളുമായി സെല്‍ഫി എടുക്കുന്നതായും നിരവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു.