പേപ്പര്‍ ബാലറ്റിലേക്ക് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ഇലക്ട്രോണിങ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ തത്സമയ വിവരണം നടത്തിയ എ.എ.പി എം.എല്‍.എ ഗൗരവ് ഭരദ്വാജ് ആണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ആഞ്ഞിച്ചു.

യു.പിയിലോ ഡല്‍ഹിയിലോ നടന്ന തെരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍(ബി.ജെ.പി) വിജയിച്ചിട്ടില്ലെന്നാണ് നിയമസഭയില്‍ നടന്ന തത്സമയ വിവരണം വ്യക്തമാക്കുന്നത്. സാധാരണക്കാര്‍ക്കു വേണ്ടിയാണ് സൗരവ് ഇത് വിശദീകരിച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്രമല്ല, തെരഞ്ഞെടുപ്പിന്റെ ഉടമസ്ഥര്‍(തെരഞ്ഞെടുപ്പ് കമ്മീഷന്‍) കൂടി ഇതേക്കുറിച്ച് ഇരുന്ന് ചിന്തിക്കണം. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ്. മുംബൈയില്‍ ഒരു സ്ഥാനാര്‍ത്ഥി സ്വന്തം കുടുംബത്തിന്റെ വോട്ടു പോലും ലഭിക്കാത്തത് പരാതിയായി കമ്മീഷന്‍ മുമ്പാകെ ഉന്നയിച്ച ശേഷമാണ് ഞങ്ങള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. ജീവനു ഭീഷണിയുണ്ടായിട്ടു പോലും വോട്ടിങ് മെഷീന്‍ ക്രമക്കേട് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും സിസോദിയ പറഞ്ഞു. ഏക ബി.ജെ.പി എം.എല്‍.എ സഭയില്‍നിന്ന് വാക്കൗട്ട് നടത്തിയതിനാല്‍ ഐകകണ്‌ഠ്യേനയാണ് ബാലറ്റ് പേപ്പറിനു വേണ്ടിയുള്ള പ്രമേയം സഭ പാസാക്കിയത്.