സുരക്ഷ മുന്‍കരുതലില്‍ വന്‍ വീഴ്ച്ച; ഡല്‍ഹി എയിംസിലെ 480 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ സുരക്ഷാ മുന്‍കരുതലില്‍ വന്‍വീഴ്ച്ച. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ 480 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധ കണ്ടെത്തി. ഇവരില്‍ 19 ഡോക്ടര്‍മാരും 38 നഴ്‌സുമാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാരില്‍ രണ്ട് പേര്‍ ഫാക്കല്‍റ്റി അംഗങ്ങളാണ്. 74 സുരക്ഷാ ജീവനക്കാര്‍, 75 ഹോസ്പിറ്റല്‍ അറ്റന്‍ഡേഴ്‌സ്, 54 ശുചീകരണ തൊഴിലാളികള്‍, 14 ലാബ് ടെക്‌നീഷന്‍ എന്നിവരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

തൊഴില്‍ രംഗത്ത് സുരക്ഷ ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നേഴ്‌സസ് യൂണിയന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിലവാരമില്ലാത്ത പി.പി.ഇ കിറ്റുകളാണ് നല്‍കുന്നതെന്നാണ് ഇവരുടെ പരാതി. എയിംസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥരെ എല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു.

ആരോഗ്യപ്രവര്‍ത്തകരില്‍ മൂന്നുപേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഇവരില്‍ ശുചീകരണ തൊഴിലാളികളിലെ മുതിര്‍ന്ന ജീവനക്കാരനും ഉള്‍പ്പെട്ടിട്ടുണ്ട്. വൈറസ് ബാധിച്ച് മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നതിലെ അനാസ്ഥയാണ് രോഗബാധ ഗുരുതരമാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.

SHARE