ന്യൂഡല്‍ഹി: പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്ച കോവിഡ് പരിശോധന ഫലം ലഭിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്കി. അജയ് കുമാറുമായി ഇടപഴകിയ എല്ലാവരേയും കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ഓഫീസ് ഉള്‍പ്പെടുന്ന സൗത്ത് ബ്ലോക്ക് അടച്ചു.
കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് കുമാര്‍. വീട്ടില്‍ ക്വറന്റീനില്‍ തുടരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. കേന്ദ്ര പ്രതിരോധമന്ത്രിക്ക് പുറമേ സൈനിക മേധാവി, നാവികസേന മേധാവിയുടേയും ഓഫീസുകള്‍ ഇതേ ബ്ലോക്കിലാണ്.