ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരൂരങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കീരിയാട്ടില്‍ അപ്പുവിന്റെ മകന്‍ അഖില്‍ കൃഷ്ണന്‍ (26)നെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അഖില്‍ കൃഷ്ണയെ താനൂര്‍ എസ്.ഐ നവീന്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

ഹാന്റ്സ് പാക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് അഖില്‍ കൃഷ്ണ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റസാഖ് ആദ്യം തിരൂരങ്ങാടി പോലീസിലും അഖില്‍ കൃഷ്ണ താനൂര്‍ സ്റ്റേഷന്‍ പരിധിയിലാണെന്നറിഞ്ഞതോടെ താനൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയത്. അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഐ.പി.സി 153, കേരള പോലീസ് ആക്ട് 120 ഒ പ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചത്. ഇന്നലെ വൈകീട്ടാണ് അഖില്‍ കൃഷ്ണയെ താനൂര്‍ എസ്.ഐ നവീന്‍ രാജ് പിടികൂടുന്നത്. തങ്ങളെ അപമാനിച്ച കേസില്‍ നേരത്തെ സി.പി.എം പ്രവര്‍ത്തകനായ രാഖേഷ് നേരത്തെ അറസ്റ്റിലായിരുന്നു. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും സൈബര്‍ സെല്‍ വിവരങ്ങള്‍ ശേകരിച്ച് വരികയാണെന്നും താനൂര്‍ സി.ഐ പറഞ്ഞു.