ശ്രീധരന്‍പിള്ളക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് ശശി തരൂര്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ ലോക്‌സഭാംഗം ശശി തരൂരിന്റെ മാനനഷ്ടക്കേസ്. തരൂരിന്റെ മൂന്നു ഭാര്യമാര്‍ കൊല്ലപ്പെട്ടത് എങ്ങനെ എന്ന ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയത്. അടിസ്ഥാനരഹിതമായ കാര്യം പറഞ്ഞ് ശ്രീധരന്‍പിള്ള തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നാണ് തരൂര്‍ പരാതിപ്പെട്ടത്.

‘തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബി.ജെ.പിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല’-ഇതായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍.

ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍ സ്വദേശിയാണെന്നും അവര്‍ അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ ശ്രീധരന്‍പിള്ള അവകാശപ്പെട്ടിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സി.ജെ.എം കോടതി ഈ മാസം 25ന് തരൂരിന്റെ മൊഴിയെടുക്കും.