‘സഞ്ജീവ് ഭട്ടിന് നിയമസഹായം ചെയ്ത് പോരാടും’; ദീപിക സിങ് രജാവത്

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിയമസഹായം വാഗ്ദാനം ചെയ്ത് അഡ്വ. ദീപിക സിങ് രജാവത്. സഞ്ജീവ് ഭട്ടിന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പഠിക്കാനായി താന്‍ അഹമ്മദാബാദിലേക്ക് പോകുമെന്ന് ദീപിക പറഞ്ഞു. 29 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡിമരണവുമായി ബന്ധപ്പെടുത്തിയാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി പ്രസ്‌ക്ലബില്‍ എന്‍സിഎച്ച്ആര്‍ഒ സംഘടിപ്പിച്ച ആക്ടിവിസ്റ്റുകളുടെ സംഗമത്തിനെത്തിയതായിരുന്നു ദീപിക സിങ് രജാവത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും മകന്‍ ശന്തനു ഭട്ടും പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു.

സഞ്ജീവ് ഭട്ടിന് അനുകൂലമായി കേസിലുണ്ടായിരുന്ന സുപ്രധാന രേഖകള്‍ കാണാതായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അത് തിരിച്ചുപിടിക്കാനുള്ള വഴി ആരായാന്‍ കൂടിയാണ് അഹമ്മദാബാദില്‍ പോകുന്നത്. ശേഷം കേസില്‍ അപ്പീല്‍ നല്‍കും. ഈ കേസില്‍ വിചാരണ കോടതി സഞ്ജീവ് ഭട്ടിന്റെ ഭാഗം കേട്ടിട്ടില്ല. അത് പറയുന്നത് കോടതിയലക്ഷ്യമല്ലെന്നും ഈ കേസില്‍ 110 ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും ദീപിക വ്യക്തമാക്കി.

30 വര്‍ഷം മുമ്പത്തെ കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മോദി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ സഞ്ജീവ് ഭട്ട് കുറേ നാളുകളായി 26 വര്‍ഷം മുമ്പുള്ള മറ്റൊരു കേസില്‍ തടവിലായിരുന്നു. ജമ്മുവിലെ കത്വവയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയ അഭിഭാഷകയാണ് ദീപിക സിങ് രജാവത്.