രാജ്യത്ത് യോഗ്യതയില്ലാത്തവരുടെ ഭരണം: ദീപിക രജാവത്ത്

ഫാറുഖ് കോളജ് മീഡിയാ ഫെസ്റ്റില്‍ ദീപിക സിങ് രജാവത്ത് സംസാരിക്കുന്നു. സി.കെ സുബൈര്‍, കമാല്‍ വരദൂര്‍, ഡോ.സാജിദ്, അസീം ദില്‍ഷാദ്,ഡോ.രശ്മി സമീപം

മലപ്പുറം: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവര്‍ നയിക്കുന്ന ഭരണകൂടത്തില്‍ നിന്നും നീതി പ്രതീക്ഷിക്കരുതെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷക ദീപികാസിങ് രജാവത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത എല്ലാവര്‍ക്കുമറിയാം. ആഭ്യന്തര മന്ത്രി അമിത് ഷാക്കുള്ളത് ക്രിമിനല്‍ പശ്ചാത്തലമാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി എങ്ങനെ യോഗിയായി എന്നതും എല്ലാവര്‍ക്കുമറിയാം. ഇവരെല്ലാം അധികാരക്കസേരയിലിരുന്നാണ് രാജ്യത്തെ പൗരത്വം അന്വേഷിക്കുന്നത്. ഇവര്‍ക്ക്് മുന്നില്‍ എന്ത് രേഖയാണ് നമ്മള്‍ കാണിക്കേണ്ടത്. ഇന്ത്യയിലെ പൗരന്മാര്‍ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസം യോഗ്യതയില്ലാത്തവരുടെ ഭരണമാണെന്ന് ദീപിക പറഞ്ഞു.

ഫാറുഖ് കോളജ് യൂണിയന്‍ സംഘടിപ്പിച്ച മീഡിയാ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. പൗരത്വ ഭേഗദതി നിയമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. കശ്മീരിലെ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ളയാളാണ് ഞാന്‍. എന്റെ കുടുംബത്തിലെ പലരും ബി.ജെ.പി അനുഭാവികളാണ്. പക്ഷേ രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഭരണക്കൂടത്തിന്റെ ചെയ്്തികളെ അംഗീകരിക്കില്ല. ഈ സമരത്തില്‍ ഇന്ത്യന്‍ ജനതക്കൊപ്പമായിരിക്കും താനെന്നും അവര്‍ പറഞ്ഞു.
മൂന്ന് ദിവസം ദീര്‍ഘിച്ച ഫെസ്റ്റിന്റെ സമാപന സമ്മേളനം ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരിന് വഴങ്ങാത്തവര്‍ മാധ്യമങ്ങളും വിദ്യാര്‍ത്ഥികളുമാണെന്ന് അദ്ദേഹം പറഞ്ഞു. ജെ.എന്‍.യു, ജാമിഅ, ഫാറുഖ് കോളജ് തുടങ്ങിയ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. പൗരത്വ വിഷയത്തില്‍ മാധ്യമങ്ങളെ സ്വാധീനിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമവും വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ സുബൈര്‍, ഫാറുഖ് കോളജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.ഉമ്മര്‍, യൂണിയന്‍ ചെയര്‍മാന്‍ അസീം ദില്‍ഷാദ്, സ്റ്റാഫ് അഡ്‌വൈസര്‍ ഡോ.സാജിദ്, ഫൈന്‍ ആര്‍ട്‌സ് ഡയരക്ടര്‍ ഡോ.രശ്മി എന്നിവര്‍ സംസാരിച്ചു.