ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തി വരികയായിരുന്ന വിദ്യാര്‍ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തിരുന്നു. ഇതില്‍ ക്രൂരതക്കിരയായ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പാദുകോണ്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധം നടത്തിയ സമരക്കാര്‍ സെമസ്റ്റര്‍ രജിസ്ട്രേഷന് തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂം സമരക്കാര്‍ തകര്‍ത്തെന്നും സാങ്കേതിക ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമുളള ജെ.എന്‍.യു ഭരണസമിതിയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്.

നൂറോളം വരുന്ന മുഖംമൂടി ധരിച്ച ഗുണ്ടാ സംഘം ഇരുമ്പുവടികളും ചുറ്റികകളും ഉപയോഗിച്ച് ജെ.എന്‍.യുവിനുള്ളില്‍ ക്രൂരമായ ആക്രമണം നടത്തിയതിന് ഒരു ദിവസം മുമ്പാണ് ആരോപണവിധേയമായ ഈ സംഭവം നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
