ന്യൂഡല്‍ഹി: ജെവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലാശാല ക്യാമ്പസില്‍ വെച്ച് എബിവിപി ഭീകരരാല്‍ അക്രമിക്കപ്പട്ടതില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ.
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ദീപികയ്‌ക്കെതിരെ ബിജെപി സോഷ്യല്‍മീഡിയ സെല്‍ രംഗത്തെത്തിയിരിക്കെയാണ് ട്വിറ്ററില്‍ ദീപികയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
ദീപികയുടെ പുതിയ ചിത്രം ഛപക് ബഹിഷ്‌കരിക്കാനും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യാനും സംഘ്പരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുടെ ഈ ക്യാമ്പയിനുകള്‍ വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. നേരത്തെ സിഎഎയെ അനുകൂല മിസ് കോള്‍ ക്യാമ്പയില്‍ നടത്താനായി അശ്ലീലം ഉപയോഗിച്ചതും ബിജെപിക്ക് വന്‍ തിരിച്ചടിയായിരിരുന്നു.
സോഷ്യല്‍മീഡിയയില്‍ ദീപികയ്‌ക്കെതിരെ അരങ്ങേറിയ ഹേറ്റ് ക്യാമ്പയിനുകള്‍ നടിയുടെ ഇമേജും ജനപ്രീതിയും വര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. 26.8 മില്ല്യന്‍ ഫോളോവേഴ്‌സുമായി നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള വനിതാ താരമായിരിക്കുകയാണ് ദീപിക.


ഛപക് ബഹിഷ്‌കരിക്കാന്‍ ( #BoycottChhapaak ) ആഹ്വാനം ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ ട്വിറ്ററില്‍ ദീപികയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ദ്ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. നാല്‍പ്പതിനായിരം ഫോളോവേഴ്‌സാണ് ഒറ്റ ദിവസം കൊണ്ട് ദീപകയ്ക്ക് ലഭിച്ചത്.
അതേസമയം ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് റിലീസ് ചെയ്യാനിരിക്കുന്ന ഛപാക് സിനിമയുടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുള്ള ക്യാമ്പയിനും ബിജെപി സെല്‍ നടത്തിയിരുന്നു. എന്നാല്‍ ഒരേ ക്യാന്‍സല്‍ ടിക്കറ്റ് വീണ്ടും വീണ്ടും ട്വീറ്റ് ചെയ്ത ആ പ്രചരണവും പൊളയുകയാണുണ്ടായത്. ജനാധിപത്യ രീതിയില്‍ നിലപാട് വ്യക്തമാക്കിയ ദീപികക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രചരണത്തിനെതിരെ ദീപികയ്ക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.