‘അറബ് രാജ്യങ്ങളില്‍ നിന്ന് നമ്മുടെ നാട്ടുകാരെ കൊണ്ടുവരുന്നതില്‍ അഭിമാനം’; ദീപക് സാഠേയെ ഓര്‍ത്തെടുത്ത് ബന്ധുവിന്റെ കുറിപ്പ്


കരിപ്പൂര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓര്‍ത്തെടുത്ത് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ്. ബന്ധുവും അതിനുമപ്പുറം അത്മ സുഹൃത്തുമായിരുന്ന ദീപക്കിന്റെ മരണം വിശ്വസിക്കാനാവുന്നില്ല. അവസാനമായി ഒരാഴ്ച മുമ്പ് ഫോണില്‍ സംസാരിച്ചതാണ്. അന്ന് അദ്ദേഹം വന്ദേ ഭാരത് മിഷനെക്കുറിച്ച് പ്രത്യാശയോടെയാണ് സംസാരിച്ചത്- നിലേഷ് സാഠേ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഒരാഴ്ച മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയും വിളുക്കുമ്പോഴെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും. ‘വന്ദേ ഭാരത്’ മിഷനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു… ദീപക് സാഠേ പറഞ്ഞത്.

സംഭാഷണത്തിനിടെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ‘ദീപക്, ആ രാജ്യങ്ങളിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ നിങ്ങള്‍ അങ്ങോട്ട് പോകുമ്പോള്‍ വിമാനം ശ്യൂനമായിരിക്കില്ലേ ? ‘ഓ, ഇല്ല. ഞങ്ങള്‍ പഴങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍ തുടങ്ങിയവയുമായാണ് പോവുക, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല’ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. അവനുമായുള്ള എന്റെ അവസാന സംഭാഷണം അതായിരുന്നു- നിലേഷ് സാഠേ ഫേസ്ബുക്കില്‍ കുറിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ദീപക് വ്യോമസേനയില്‍ ആയിരുന്നപ്പോള്‍ ഒരിക്കല്‍ വിമാനം അപകടത്തില്‍പ്പെട്ടു. തലയോട്ടിക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ആറ് മാസം ആശുപത്രിയില്‍ കിടന്നു. അദ്ദേഹം വീണ്ടും വിമാനം പറത്തുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ദീപക്കിന്റെ ഇച്ഛാശക്തിയും പറക്കലിനോടുള്ള ആവേശവും അവനെ വീണ്ടും പൈലറ്റ് കുപ്പായമണിയിച്ചു. അതൊരു അത്ഭുതമായിരുന്നു- നിലേഷ് ഓര്‍ത്തെടുക്കുന്നു.

SHARE