ആര്‍.എസ്.എസ് നേതാവിന്റെ ജന്മദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് ഇടതു സര്‍ക്കാറിന്റെ സര്‍ക്കുലര്‍

ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം കേരളത്തിലെ എല്ലാ സ്‌കൂളുകളും ആഘോഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ പുറത്ത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ‘പൊതു വിദ്യാഭ്യാസം – പണ്ഡിറ്റ് ദീന ദയാര്‍ ഉപാധ്യായയുടെ ജന്മ ശതാബ്ദി ആഘോഷങ്ങള്‍ സംബന്ധിച്ച്’ എന്ന തലക്കെട്ടില്‍ എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കും ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും എല്ലാ പ്രഥമാധ്യാപകര്‍ക്കും അയച്ച സര്‍ക്കുലറാണ് പുറത്തായത്.

പിണറായി സര്‍ക്കാര്‍ കാവിവല്‍ക്കരണത്തിന് കൂട്ടുനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

‘പണ്ഡിറ്റ് ദീന്‍ദയാര്‍ ഉപാധ്യയുടെ ജന്മ ശതാബ്ദി ആഘോവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യു.പി ക്ലാസുകളിലും സെക്കന്ററി ക്ലാസുകളിലും നടത്തുന്നതു സംബന്ധിച്ച് സംബന്ധിച്ച സര്‍ക്കുലറും മാര്‍ഗരേഖയും ഈ കത്തിനോടൊപ്പം അയക്കുന്നു. ആയതിലേക്ക് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രധഥാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കേണ്ടതാണ്’ എന്നാണ് കത്തിന്റെ ഉള്ളടക്കം.

ആര്‍.എസ്.എസ്സിന്റെയും ജനസംഘിന്റെയും നേതാവായ ഉപാധ്യായ് സംഘ് പരിവാര്‍ സംഘടനകളുടെ മാതൃകാപുരുഷനാണ്. രാജ്യത്ത് ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ‘രാഷ്ട്ര ധര്‍മ’ എന്ന പ്രസിദ്ധീകരണം 1940-ല്‍ തുടങ്ങിയത് ഉപാധ്യായ് ആണ്. ശാസ്ത്ര കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യകളും ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കണമെന്ന് വാശിപിടിച്ചയാളായിരുന്നു അദ്ദേഹം.

ദീന്‍ദയാല്‍ ഉപാധ്യായ് ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ശാസ്ത്ര വിരുദ്ധവും ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കുന്നതുമായ പുസ്തകങ്ങള്‍ പണം മുടക്കി വാങ്ങി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ ഡി.പി.ഐ അനുമതി നല്‍കിയിട്ടുണ്ട്. യു.പി, ഹൈസ്‌കൂള്‍ തലങ്ങളില്‍ ഉപാധ്യായയുടെ ജീവിതവും ദര്‍ശനവും ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ അവതരിപ്പിക്കണം, ഉപാധ്യായയുടെ പേരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ഗ്രാമീണ്‍ കൗശല്യ യോജന, ഗ്രാമജ്യോതി യോജന, അന്തോദയ യോജന തുടങ്ങിയ പദ്ധതികളെ പരിചയപ്പെടുത്താനും നിര്‍ദേശമുണ്ട്.

സംഘ് പരിവാര്‍ സ്വാധീനമുള്ള സ്‌കൂളുകളില്‍ സെപ്തംബര്‍ 25-ലെ ദീന്‍ദയാല്‍ ഉപാധ്യായ് ജന്മദിനം വിപുലമായ രീതിയിലാണ് ആഘോഷിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയും പ്രോത്സാഹനവും ഇതിനു പിന്നിലുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന രേഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നത്. സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ പേരില്‍ സംഘ് ആശയ പുസ്തകങ്ങള്‍ പ്രചരിപ്പിച്ച അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെങ്കിലും, ഇതിനു പിന്നില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.