ബെയ്റൂട്ട് ഉഗ്രസ്ഫോടനം: 100 ലേറെ മരണം; 4000 ലേറെ പേര്‍ക്ക്‌ പരിക്ക്

ബെയ്റൂട്ട്։ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 100 കടന്നു. അപകടത്തില്‍ നൂറില്‍ പരം ആളുകള്‍ മരണമടഞ്ഞതായും 4,000 ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും സംഭവ സ്ഥലത്ത് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട റെഡ് ക്രോസ് പറയുന്നു. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇരട്ട സ്‌ഫോടമാണുണ്ടായത്. ഉഗ്രസ്‌ഫോടനത്തില്‍ നഗരം തന്നെ കത്തിയ നിലയാണ്. അര്‍ദ്ധരാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും അപകടത്തിന്റെ നാശനഷ്ടത്തെ കുറിച്ചും ആളപായത്തെകുറിച്ചും ഇനിയും വ്യക്തത വന്നിട്ടില്ല.

ബെയ്‌റൂട്ട് തുറമുഖത്തിന് അടുത്തുള്ള സംഭരണശാലയില്‍ സ്‌ഫോടകശേഷിയുള്ള വസ്തുക്കള്‍ക്ക് തീപിടിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം. തുറമുഖത്തിനടുത്ത് ശേഖരമുള്ള 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. ആദ്യ സ്‌ഫോടനത്തിന് പിന്നാല തുടര്‍സ്‌ഫോടനങ്ങള്‍ ഉണ്ടാകുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തില്‍ നഗരത്തിന്റെ തുറമുഖ പ്രദേശമാകെ തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഏറെദൂരെയുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 234 കിലോമീറ്റര്‍ അകലെയുള്ള സൈപ്രസില്‍ ബെയ്റൂട്ട് തുറമുഖ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്.

Image

സ്‌ഫോടന നടന്നതിന് പി്ന്നാലെ അണുബോബ് അക്രമണമാണെന്ന അഭ്യൂഹങ്ങളാണുണ്ടായിരുന്നത്. അതേസമയം, ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ല ഉണ്ടായതെന്ന് ലെബനന്‍ ആഭ്യന്തരസുരക്ഷാ സേന വ്യക്തമാക്കി. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് ആറ് വര്‍ഷമായി സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ആദ്യ സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയ നൂറിലേറെ അഗ്‌നിശമന സേനാംഗങ്ങളെ കാണാതായതായും ബെയ്റൂട്ട് ഗവര്‍ണര്‍ മര്‍വാന്‍ അബൂദ് മാധ്യമങ്ങളോട്് പ്രതികരിച്ചു. ”ബെയ്റൂട്ട് ഇന്നലെ കടന്നുപോയ കാര്യങ്ങളിലൂടെ ഒരിക്കലും കടന്നുപോയിട്ടില്ലെന്ന്,” അബ്ബൂദ് പറഞ്ഞു. അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച സര്‍ക്കാര്‍ ബെയ്‌റൂട്ടില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.