ബുര്‍കിന ഫാസോയില്‍ പള്ളിക്കു നേരെ ഭീകരാക്രമണം; 16 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സാല്‍മോസിയിലെ ഗ്രാന്‍ഡ് പള്ളിയിലാണ് ആക്രമണം നടന്നത്. ആളുകള്‍ പ്രാര്‍ത്ഥനയിലായിരുന്ന സമയത്ത് ആക്രമികള്‍ പള്ളിയില്‍ അതിക്രമിച്ചു കയറി വെടുയുതിര്‍ക്കുകകയായിരുന്നു. ചിലര്‍ എതിര്‍ത്തെങ്കിലും കൈയില്‍ കരുതിയ തോക്കുകള്‍ ഉപയോഗിച്ച് സംഘം വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

13 പേര്‍ സംഭവസ്ഥലത്തുവെച്ചും ബാക്കി മൂന്നുപേര്‍ ആസ്പത്രിയിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില അതീവഗുരുതരമാണ്.

ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കലാപത്തിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ പാലായനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഇപ്പോഴും പരിഭ്രാന്തിയിലാണ്. വെടിവയ്പ്പ് നടത്തിയത് ആരൊക്കെയാണെന്ന കാര്യത്തെക്കുറിച്ച് ഇനിയും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറുരാജ്യമായ ബുര്‍കിന ഫാസോയില്‍ അല്‍ഖാഇദയുടെയും ഐഎസ്സിന്റെയും നിരവധി ആക്രമണങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്.