സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനു നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജയരാജനെ വധിക്കാന്‍ ശ്രമം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ പണവും വാഹനവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടാക്കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച അടിയന്തര സന്ദേശം എല്ലാ സ്‌റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി കൈമാറി. നിലവില്‍ വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ ഒളിവിലായ വ്യക്തിയാണ് ഇതിനു പിന്നിലെന്നാണ് വിവരം.

കതിരൂര്‍ മനോജ് വധം, ധര്‍മ്മടം രമിത്ത് വധം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട പകയാണ് ഇത്തരമൊരു ക്വട്ടേഷനു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീഷണിയെത്തുടര്‍ന്ന് ജയരാജന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും പരിപാടികളിലും സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചു. സുരക്ഷ കുറഞ്ഞ സ്ഥലങ്ങളില്‍ വെച്ച് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും പാര്‍ട്ടി ഓഫീസ് ആക്രമിക്കുന്ന തരത്തിലാണ് ക്വട്ടേഷന്‍ സംഘം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് ചോര്‍ന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

SHARE