ടിക് ടോക് ചെയ്യുന്നതിനിടെ കായലില്‍ കാല്‍ തെന്നി വീണ് യുവാവിന് ദാരുണാന്ത്യം


ഹൈദരാബാദ്: ടിക് ടോക് മൂലം ഒരു ജീവന്‍ കൂടി നഷ്ടം. ടിക് ടോകില്‍ പങ്കുവെക്കുന്നതിനു വേണ്ടി വീഡിയോ ചെയ്യുന്നതിനിടെ തടാകത്തിലേക്ക് തെന്നി വീണ് യുവാവ് മരിച്ചു. ഹൈദരാബാദിലലെ മെഡ്ചാല്‍ ജില്ലയിലെ ദുലപള്ളി തടാകത്തില്‍ വെച്ചാണ് നരസിംഹ എന്നു പേരുള്ള യുവാവിന്റെ ദാരുണാന്ത്യം.
ടിക് ടോക് വീഡിയോ ചെയ്യുന്നതിനു വേണ്ടി സുഹൃത്ത് പ്രശാന്തിനോടൊപ്പം കായലിനു തീരത്ത് ഇറങ്ങിയതായിരുന്നു നരസിംഹ. രണ്ടു പേരും കായലിന്റെ അരികത്തിരുന്ന് സിനിമാ പാട്ട് വെച്ച് നൃത്തം ചെയ്തിരുന്നു. ശേഷം നരസിംഹ തനിച്ച് നൃത്തം ചെയ്യുകയും പ്രശാന്ത് വീഡിയോ ഷൂട്ട് ചെയ്യുകയും ആയിരുന്നു. ഇതിനിടെ നരസിംഹ കാല്‍ തെന്നി വെള്ളത്തിലേക്ക് വീണു. നീന്തലറിയാത്ത കൂട്ടുകാരന്‍ ഒച്ച വെച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ യുവാവ് മുങ്ങി മരിക്കുകയായിരുന്നു.