ആളില്ലാ ലെവല്‍ക്രോസില്‍ മൗലവിയും ചെറുമകളും തീവണ്ടി തട്ടി മരിച്ചു

കരുനാഗപ്പള്ളി: അംഗന്‍വാടിയില്‍ നിന്നും ചെറുമകളുമായി വരികയായിരുന്ന മൗലവിയും ചെറുമകളും ആളില്ലാ ലെവല്‍ക്രോസ് കടക്കുന്നതിനിടയില്‍ തീവണ്ടി പാഞ്ഞുകയറി മരിച്ചു. തഴവ കടത്തൂര്‍ പാപ്പാന്‍കുളങ്ങര ദാറുല്‍ഫൈസല്‍ വീട്ടില്‍ ഇസ്മയില്‍കുഞ്ഞ്മൗലവി (58), ചെറുമകള്‍ അയിദ(4) എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. പുത്തന്‍തെരുവ് ശരീഅത്തുല്‍ മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ അമ്പിശ്ശേരി നമസ്‌ക്കാരപ്പള്ളിയില്‍ 30 വര്‍ഷമായി ഇമാമായി സേവനം അനുഷ്ഠിക്കുകയാണ് ഇസ്മയില്‍കുഞ്ഞ്മൗലവി.

ഇന്നലെ വൈകിട്ട് 3.30 ഓടെ പാപ്പാന്‍കുളങ്ങരയിലെ ആളില്ലാ ലെവല്‍ക്രോസ്സിലായിരുന്നു സംഭവം. എറണാകുളത്തുനിന്നും കൊല്ലത്തേക്കുവരികയായിരുന്ന മെമു പാസഞ്ചറാണ് ഇടിച്ചത്. എല്ലാ ദിവസവും അംഗന്‍വാടിയില്‍ നിന്ന് ചെറുമകളെ വിളിച്ചുകൊണ്ടുവരുന്നത് ഇസ്മയില്‍കുഞ്ഞ് മൗലവിയായിരുന്നു. ബൈക്ക് സൈഡില്‍ വെച്ച് എതിര്‍വശത്തുനിന്ന മകളെ മാതാവിനരികിലേക്ക് കടത്തിവിടുകയാണ് പതിവ്. എന്നാല്‍ ഇന്നലെ ബൈക്കില്‍ നിന്നും ഇറങ്ങിയ കുട്ടി ഓടി റെയില്‍വേക്രോസ്സിലേക്ക് കയറിയപ്പോള്‍ എറണാകുളം ഭാഗത്തുനിന്നും മെമു പാഞ്ഞുവരുന്നത് കണ്ട് ചെറുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരേയും ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് മൃതദേഹങ്ങള്‍ താലൂക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ട്രെയിന്‍ അരമണിക്കൂറോളം സംഭവസ്ഥലത്ത് പിടിച്ചിട്ടു. ഇസ്മയില്‍കുഞ്ഞ്മൗലവിയുടെ മകള്‍ ഫെമിനയുടെ മകളാണ് അയിദ. പിതാവ് താഹ, മറ്റൊരുമകന്‍ ഹൈദന്‍. ഇസ്മയില്‍കുഞ്ഞിന്റെ ഭാര്യ നെബീസത്ത്. മകന്‍: ഫൈസല്‍.

SHARE