ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്ത് തുടര്‍ച്ചയായി 18ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ നില്ക്കുമ്പോള് ഡീസല്‍ വില ഇന്ന് 48 പൈസയാണ് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിനേക്കാള്‍ കൂടുതല്‍ വില ഇപ്പോള്‍ ഡീസലിനായി. പെട്രോള്‍ 79.76 രൂപയും ഡീസലിന് 79.88 രൂപയുമാണ് വില. കഴിഞ്ഞ 18 ദിവസങ്ങളിലായി ഡീസല്‍ വില 10.25 രൂപയാണ് ഉയര്‍ത്തിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 75.72 രൂപയാണ്.
ക്രൂഡ് ഓയിലിനു വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുന്ന കാഴ്ചക്കാണ് മോദി ഭരണത്തില്‍ രാജ്യം സാക്ഷിയാവുന്നത്്. ലോക്ക്ഡൗണില്‍ ലോകവ്യാപകമായി ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞപ്പോഴും നികുതി കൂട്ടിയാണ് മോദി സര്‍ക്കാര്‍ ജനങ്ങള്‍ ലഭിക്കേണ്ട ഇളവ് ഇല്ലാതാക്കിയത്. എന്നാല്‍ ലോക്ക്ഡൗണിന് പിന്നാലെ ഇന്ധനവില കമ്പനികള്‍ കൂട്ടിതുടങ്ങിയതോടെ വര്‍ദ്ധിപ്പിച്ച നികുതി കുറക്കാ നും എന്‍ഡിയെ സര്‍ക്കാര്‍ തയ്യാറാവതായതോടെ ജനം കൂടുതല്‍ ദുരിതത്തിലേക്ക് നിങ്ങുകയായിരുന്നു. ജൂണ്‍ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ 18 ദിവസത്തിനിടെ രാജ്യത്ത് പെട്രോളിനും ഡീസലിനും പത്ത് രൂപയോളം വര്‍ധിച്ചു.
മുബൈ അടക്കം വിവിധ സ്ഥലങ്ങളില്‍ ഇന്ധന വില 80 രൂപ കടന്നിട്ടുണ്ട്. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ 80 രൂപയിലേക്ക് എത്തിനില്‍ക്കുകയാണ്.

അതേസമയം ഇന്ധന വില വര്‍ദ്ധനവിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ പ്രതിഷേധം ശക്തമാവുന്ന കാഴ്ചയാണ് ഇന്നുണ്ടായത്. വില വര്‍ദ്ധനക്കെതിരെ ട്വിറ്ററില്‍ ആരംഭിച്ച പ്രതിഷേധ ഹാഷ്ടാഗുകള്‍ പലതും ട്രെന്റിങിലെത്തി.

ക്രൂഡോയില്‍ വിലവര്‍ദ്ധനവില്‍ യുപിഎ കാലത്തുണ്ടായ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ബിജെപി നടത്തിയ പ്രതിഷേധങ്ങള്‍ തന്നെ മോദി സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ മോദിയുടെ തന്നെ പല പഴയ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളിന് വിധേയമാവുകയാണ്.