സഊദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം വന്നത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം, അങ്കലാപ്പിലായി കുടുംബം


പത്തനംതിട്ട: സഊദി അറേബ്യയില്‍ മരണപ്പെട്ട യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശവനിതയുടെ മൃതദേഹം. സഊദിയില്‍ മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം എത്തിച്ചത്.

കഴിഞ്ഞ മാസം 27ന് പുലര്‍ച്ചെയാണ് റഫീഖ് സഊദി അറേബ്യയിലെ അബേയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. തുടര്‍ന്ന് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ ബന്ധുകള്‍ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു.

സംസ്‌കാര ചടങ്ങുകള്‍ക്കായി പെട്ടി ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോള്‍ ആണ് മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ചു.

ഈ മൃതശരീരം തിരിച്ച് സഊദിയിലേക്ക് കൊണ്ടു പോയി റഫീഖിന്റെ മൃതദേഹം തിരികെ എത്തിക്കണമെങ്കില്‍ ഇനി സര്‍ക്കാര്‍ ഇടപെടലുണ്ടാവാണം എന്നാണ് റഫീഖിന്റെ കുടുംബവും പൊലീസും പറയുന്നത്. ആശുപത്രിയില്‍ വച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെ മാറിപ്പോയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

SHARE