മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു; ജെ.എന്‍.യു അക്രമത്തില്‍ ഇടതു സംഘടനകളെ കുറ്റപ്പെടുത്തി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അക്രമത്തില്‍ ഇടതു സംഘടനകളെ കുറ്റപ്പെടുത്തി ഡല്‍ഹി ക്രൈംബ്രാഞ്ച് ഡിസിപി ജോയ് ജോയ് ടിര്‍കി. അക്രമത്തിന് പിന്നില്‍ നാല് ഇടതു സംഘടനകളാണെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി മൂന്നിന് എസ്എഫ്‌ഐയും മറ്റ് മൂന്ന് സംഘടനകളും ചേര്‍ന്ന് ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കിയെന്നും യൂണിവേഴ്‌സിറ്റിയിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിലൂടെ താറുമാറായെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യാനെത്തിയ വിദ്യാര്‍ഥികളെ ഇടതുപക്ഷ പിന്തുണയുള്ള നാല് ഗ്രൂപ്പുകളും അവരുടെ അനുഭാവികളും തടഞ്ഞതായി പൊലീസ് ആരോപിച്ചു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റെ് ഐഷി ഘോഷ് അടക്കം അക്രമം നടത്തുന്നതിന്റെ ഫോട്ടോകളും തെളിവായി ഡിസിപി മാധ്യമങ്ങളെ കാണിച്ചു.

അതേമയം, എബിവിപിയുടെ മുഖംമൂടി സംഘം ഞായറാഴ്ച രാത്രി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതിരോധത്തിലായ എബിവിപി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളാണ് പൊലീസ് തെളിവാക്കി കാണിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വകാലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരായി നടന്ന ആക്രണം ആസൂത്രിതമാണെന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പുറത്തിനിന്നുള്ള സംഘ്പരിവാര്‍ ഭീകരരെ ജെഎന്‍യുവിലേക്ക് എത്തിക്കാന്‍ ഡല്‍ഹി പൊലീസ് അടക്കം പലരേയും സ്വാധീനിച്ചതായുള്ള തെളിവുകള്‍ ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് ഡിസിപിയുടെ വാര്‍ത്താസമ്മേളനം.

ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷ പിന്തുണയുള്ള നാല് ഗ്രൂപ്പുകളും അവരുടെ അനുഭാവികളും വിദ്യാര്‍ത്ഥികളെ ഇത് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ‘ജനുവരി 1 മുതല്‍ 5 വരെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി പോകാന്‍ ജെഎന്‍യു ഭരണകൂടം തീരുമാനിച്ചിരുന്നു. സ്റ്റുഡന്റ്‌സ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നിവയുള്‍പ്പെടെയുള്ള ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ഇതിനെതിരെയായിരുന്നെന്നും ഡിസിപി പറഞ്ഞു.

മൂന്ന് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവ ഞങ്ങൾ അന്വേഷിക്കുന്നു എന്നാല്‍ ഇതുവരെ ഒരു പ്രതിയെയും കസ്റ്റഡിയിലെടുത്തിട്ടില്ല, എന്നാല്‍ ഞങ്ങള്‍ ഉടന്‍ തന്നെ സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ തുടങ്ങുമെന്നും ഡിസിപി ഡോ. ജോയ് ടിര്‍കി പറഞ്ഞു.

അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നേരത്തെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എബിവിപിയുടെ മുഖംമൂടി സംഘം അക്രമം നടത്തിയതിന് പിന്നാലെ 8.39, 8.43 എന്നിങ്ങനെ നാലു മിനിറ്റിനുള്ളിലാണ് ഐഷിയ്‌ക്കെതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. എബിവിപിയുടെ വധശ്രമത്തില്‍ രക്ഷപ്പെട്ട് ആസ്പത്രിയിലേക്കു കൊണ്ടുപോയതിനു തൊട്ടുപിന്നാലയാണ് ഐഷിയ്‌ക്കെതിരെ പൊലീസ് നടപടിയുണ്ടായത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുന്ന സമയത്തും ഐഷി ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച മുഖംമൂടി സംഘം ജെഎന്‍യുവില്‍ ഉണ്ടായിരുന്നു.

ഈ മാസം 4ന് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും സെര്‍വര്‍ മുറിയില്‍ അതിക്രമിച്ചു കയറിയതിനുമാണ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍്തഥികള്‍ ഒന്നിച്ച് നടത്തിയ
മാര്‍ച്ചിലേക്ക് എബിവിപി നടത്തിയ അതിക്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് തെളിവായി ഉപയോഗിക്കുന്നെതന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

അതേസമയം, ജെഎന്‍യു കാമ്പസില്‍ നടന്ന ആക്രമണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഡല്‍ഹി പോലീസിനെ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റെ് ഐഷി ഘോഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഞങ്ങള്‍ നിയമത്തിനൊപ്പം നില്‍ക്കുകയും സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും ഐഷി ഘോഷ് പറഞ്ഞു.

ഞായറാഴ്ച രാത്രി തനിക്കെതിരെയുണ്ടായത് വധശ്രമമാണെന്നു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. അതിക്രൂരമായ ആക്രമണമുണ്ടായിട്ടും വിളിച്ച് അന്വേഷിക്കാന്‍ പോലും വൈസ് ചാന്‍സലര്‍ തയാറായില്ല. തനിക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും ഐഷി ദേശീയ മാധ്യമത്തോടു പറഞ്ഞു.

അതേസമയം, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രതിനിധികളുമായി നടന്ന ചര്‍ച്ച വിജയകരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഎൻയുവിൽ ജനുവരി 13 മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വെെസ് ചാൻസലർ ജഗദേഷ് കുമാർ പറഞ്ഞു.