അഹമ്മദാബാദ്: കോവിഡ് പ്രതിരോധത്തില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ ഗുജറാത്ത് ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ചില്‍ മാറ്റം. സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മെയ് 22ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ജെ.ബി പര്‍ദിവാല അദ്ധ്യക്ഷനും ജസ്റ്റിസ് ഇലേഷ് ജെ. വോറ അംഗവുമായ ബഞ്ചാണ് ചീഫ് ജസ്റ്റിസ് വിക്രംനാഥ് സവിശേഷ അധികാരം ഉപയോഗിച്ച് പുനഃസംഘടിപ്പിച്ചത്. ബഞ്ചില്‍ നിന്ന് ജസ്റ്റിസ് ഇലേഷ് വോറയെയാണ് മാറ്റിയത്. പകരം ചീഫ് ജസ്റ്റിസ് തന്നെ ബഞ്ചിന് നേതൃത്വം നല്‍കും. ഇതോടെ ജസ്റ്റിസ് പര്‍ദിവാല ബഞ്ചിലെ ജൂനിയറാകും.
ഈയാഴ്ചയിലെ അവസാനത്തെ പ്രവൃത്തി ദിവസത്തിലാണ് ഹൈക്കോടതി ബഞ്ചില്‍ തിരക്കിട്ട മാറ്റം വരുത്തിയത്. മെയ് 11 മുതലാണ് ആദ്യ ബഞ്ച് ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളില്‍ വാദം കേട്ടിരുന്നത്. ബഞ്ച് പുഃനസംഘടിപ്പിച്ചതിന് പിന്നാലെ വിഷയത്തില്‍ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി. ബഞ്ചിലെ മാറ്റം പുനഃപരിശോധിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ ആനന്ദ് യാഗ്നിക്ക്, പ്രതിക് രുപാല, ശംസാദ് പത്താന്, അഭിഷേക് ഖന്ദേല്വാല് തുടങ്ങിയവര്‍ സംയുക്തമായി എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് പുറമേ, ജെ.എന്‍.യു പ്രൊഫസര്‍ ഘനശ്യാം ഷാ, ഐ.ഐ.എം-എ പ്രൊഫസര്‍ അങ്കുര്‍ സരിന് തുടങ്ങിയ അമ്പത് പേര് കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
മാര്‍ച്ച് 22നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന് നാണക്കേടുണ്ടാക്കിയ ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് പര്‍ദിവാല അദ്ധ്യക്ഷനായ ബഞ്ച് രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നത്. ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്മാര് എന്നിവരെയെല്ലാം കോടതി വിമര്‍ശിച്ചിരുന്നു. ഈ നാട്ടില്‍ ഒരു ആരോഗ്യമന്ത്രിയുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഒരാശുപത്രിയാണോ ഇത്? അല്ല ഇതൊരു ഇരുട്ടറയാണ്. കേട്ടിടത്തോളം ഞെട്ടിക്കുന്ന സ്ഥിതിയാണ്. പരിതാപകരമായ അവസ്ഥയാണ് ആശുപത്രിയിലേത്. നിലവാരം ഉയര്‍ത്താന്‍ അടിയന്തര നടപടി ഉണ്ടാകേണ്ടതുണ്ട്- എന്നാണ് കോടതി അഹമ്മദാബാദ് സിവില്‍ ആശുപത്രിയെ കുറിച്ച് പറഞ്ഞിരുന്നത്.
വിധിക്കു പിന്നാലെ, മെയ് 25ന് ചീഫ് ജസ്റ്റിസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ വിഷയത്തില്‍ മറ്റൊരു ഹര്‍ജി നല്‍കിയിരുന്നു. സിവില്‍ ആശുപത്രിയിലെ സ്ഥിതി അത്ര ദയനീയമല്ല എന്നായിരുന്നു സര്‍ക്കാറിന്റെ വാദം. ഹര്‍ജി പരിഗണിച്ച ബഞ്ച് ഒരു അന്തിമ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇപ്പോള്‍ ഏറെ നേരത്തെയാകും എന്നാണ് വ്യക്തമാക്കിയിരുന്നത്.
ഇതാദ്യമായല്ല സര്‍ക്കാറിനെ വിമര്‍ശിച്ച ജഡ്ജിമാരെ സ്ഥലം മാറ്റുന്നത്. പ്രത്യേകിച്ചും ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശം നടത്തിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയത് ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. പഞ്ചാബ്-ഹരിയാന കോടതിയിലേക്കായിരുന്നു സ്ഥലം മാറ്റം.