ഡല്‍ഹി കലാപം; ബെഞ്ചിലെ മാറ്റം കേസിലെ വാദത്തില്‍ ഒരു ദിവസത്തിനുള്ളില്‍ വരുത്തിയ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ യിലെ വര്‍ഗീയ കാലപത്തിലേക്ക് വഴിതെളിയിച്ച ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഈ ഘട്ടത്തില്‍ കേസെടുക്കാനാവില്ലെന്ന് കേസെടുത്താല്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിചിത്ര വാദമാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ നിരത്തിയത്. പൊലീസ് വാദം അംഗീകരിച്ച കോടതി, വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് ഒന്നര മാസത്തെ സാവകാശം നല്‍കി കേസ് ഏപ്രില്‍ 13ലേക്ക് മാറ്റി.

ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി പൊലീസിന്റെ വാദം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധര്‍ റാവിവിന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ബെഞ്ച് ഡല്‍ഹി പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെ ജസ്റ്റിസ് മുരളീധര്‍ റാവുവിന്റെ ബെഞ്ചില്‍നിന്ന് കേസ് ചീഫ് ജസ്റ്റിസ് ഡി.എന്‍ പാട്ടീല്‍ അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഇരുട്ടി വെളുക്കും മുമ്പേ, പാതിരാ ഓപ്പറേഷന്‍ വഴി ജസ്റ്റിസ് മുരളീധര്‍ റാവുവിനെ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസിനോടുള്ള കോടതിയുടെ സമീപത്തില്‍ മാറ്റമുണ്ടായത്.

അതേസമയം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നടപടി വലിയ വിവാദത്തിന് വഴി തുറന്നിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പാലിച്ചാണ് സ്ഥലം മാറ്റമെന്നും സുപ്രീംകോടതി കൊളീജിയം രണ്ടാഴ്ച മുമ്പ് നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. അതേസമയം രണ്ടാഴ്ച മുമ്പ് നല്‍കിയ ശിപാര്‍ശയില്‍ നടപടിയെടുക്കാന്‍ എന്തുകൊണ്ട് ഇത്ര വൈകിയെന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയുണ്ടായില്ല. കേന്ദ്ര സര്‍ക്കാറിനെതിരെ പരാമര്‍ശമുണ്ടായ ഉടന്‍ കേസ് ജസ്റ്റിസ് മുരളീധര്‍ റാവുവിന്റെ ബെഞ്ചില്‍നിന്ന് മാറ്റിയതും പാതിരാ ഓപ്പറേഷനിലൂടെ സ്ഥലം മാറ്റിയതും ദുരുഹമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജസ്റ്റിസ് ലോയ സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് നടപടിയെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയില്‍ ജോലിയില്‍ പ്രവേശിക്കേണ്ട തിയതി സ്ഥലംമാറ്റ ഉത്തരവില്‍ വ്യക്തമാക്കാത്തതും ദുരൂഹമാണ്.

കേസ് പരിഗണിക്കുന്നത് ഒന്നര മാസത്തേക്ക് നീട്ടിയതോടെ ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര സര്‍ക്കാറിന് തല്‍ക്കാലം രക്ഷപ്പെടാനാകും. അതേസമയം രാജ്യതലസ്ഥാനത്തെ കലാപഭൂമിയാക്കിയ ഗൗരവമേറിയ സംഭവത്തില്‍ കേസ് പരിഗണിക്കുന്നത് ദീര്‍ഘമായ അവധിയിലേക്ക് മാറ്റിയ നടപടി ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന വിമര്‍ശനം ശക്തമാണ്. കലാപക്കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢ നീക്കങ്ങള്‍ക്ക് ഹൈക്കോടതിയുടെ പുതിയ സമീപനം സഹായകമാവും. കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കൂടുതല്‍ സമയം നല്‍കണമെന്നും യൂണിയന്‍ ഓഫ് ഇന്ത്യയെ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 48 എഫ്.ഐ.ആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് കോടതിയെ അറിയിച്ചു. 106 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കലാപ ബാധിത പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. പുറത്തുനിന്നുള്ളവര്‍ അക്രമങ്ങളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ കലാപത്തില്‍ പങ്കുകാരാണെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും പരാതിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടു.