യു.പി സര്‍ക്കാര്‍ വഴങ്ങി; അമേത്തി പര്യടനത്തിന് ഒരുങ്ങി രാഹുല്‍

അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേത്തി പര്യടനത്തിന് ഇന്ന് തുടക്കമാകും. സ്വന്തം മണ്ഡലത്തില്‍ നടക്കന്ന മൂന്നു ദിവസത്തെ പര്യടനത്തില്‍ അദ്ദേഹം ഗ്രാമീണരുമായി സംവദിക്കും. നാളെ തിലോയിലെ രാജീവ് ഗാന്ധി കോളജിലും സലോണിലും പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്യും. മറ്റന്നാള്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി സന്ദര്‍ശിക്കുന്ന രാഹുല്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ സുരക്ഷാ പ്രശ്‌നത്തിന്റെ പേരില്‍ രാഹുലിന്റെ സന്ദര്‍ശനം തടയാന്‍ യു.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ പര്യടനത്തിന് അനുമതി നല്‍കി. രാഹുല്‍ അമേത്തിയിലെത്തുന്നതിനെ തടയാനാവില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് യോഗേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു പിന്നാലെ സംസ്ഥാനത്ത് അക്രമവും കൊലപാതകങ്ങളും വര്‍ധിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.