ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ഭീകരവാദികള്‍ അഴിഞ്ഞാടിയ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപഭൂമിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപത്തില്‍ ഒറ്റപ്പെട്ടുപോയ ന്യൂനപക്ഷ ജനതയുടെ പരിവേദനങ്ങള്‍ കേള്‍ക്കാനെത്തിയത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലുള്ള ഗുരു തേജ് ബഹാദൂര്‍ ആസ്പത്രിയിലെത്തിയ സംഘം ആസ്പത്രി അധികൃതരുമായി ചര്‍ച്ച നടത്തി.
കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റവരേയും ഇവിടെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ഉടന്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മുപ്പത്തിരണ്ട് മൃതദേഹങ്ങളാണ് ഇവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളതെന്നും ഇതില്‍ ആറ് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും ആസ്പത്രി എംഡി ഡോ. സുനില്‍ കുമാര്‍ ഗൗതം അറിയിച്ചു.

പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകുന്നതാണ് ശേഷിച്ചവരുടെ കാര്യത്തിലുള്ള കാലതാമസത്തിന് കാരണമെന്ന് അധികൃതര്‍ നേതാക്കളോട് പറഞ്ഞു. ഡല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതവുമായും നേതാക്കള്‍ ആസ്പത്രിയില്‍ വച്ച് ചര്‍ച്ച നടത്തി. കലാപത്തിനിരയായവരുടെ പുനരധിവാസത്തിന് ആവുന്നതൊക്കെ ചെയ്യുമെന്ന് മന്ത്രി മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇരകള്‍ക്ക് മുസ്‌ലിംലീഗ് എല്ലാ അര്‍ത്ഥത്തിലും സമാശ്വാസമേകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വളരെയേറെ ഗുരുതരമാണ് സാഹചര്യങ്ങള്‍. ഹോസ്പിറ്റല്‍ ങഉ ഡോ: സുനില്‍കുമാര്‍ ഗൗതമുമായി സംസാരിച്ചു കാര്യങ്ങള്‍ വിലയിരുത്തി. കലാപത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം എത്രയും വേഗത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യമായി പോസ്റ്റുമോര്‍ട്ടം വൈകിപ്പിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നു അവരെ ഓര്‍മ്മിപ്പിച്ചു. ഡല്‍ഹി സോഷ്യല്‍ വെല്‍ഫെയര്‍ വകുപ്പ് മന്ത്രി രാജേന്ദ്രപാല്‍ ഗൗതമുമായി സാഹചര്യം വിലയിരുത്തി. തങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതാണെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയും പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയെ ഓര്‍മ്മിപ്പിക്കുന്ന കലാപമാണ് ഇവിടങ്ങളില്‍ നടന്നത്. ഈ ക്രൂരതക്ക് ജനാധിപത്യ ഇന്ത്യ കണക്ക് ചോദിക്കും, കുഞ്ഞാക്കുട്ടി പ്രതികരിച്ചു.
വൈകിട്ട് അഞ്ചരയോടെ സോണിയാ ഗാന്ധിയുടെ ജന്‍പഥിലുള്ള വസതിയിലെത്തിയ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായും ദീര്‍ഘനേരം ചര്‍ച്ച നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പിവി അബ്ദുള്‍ വഹാബ്, നവാസ് ഗനി എംപി, ഡോ.എംകെ മുനീര്‍, കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുറം അനീസ് ഉമര്‍ തുടങ്ങിയ നേതാക്കളാണ് സോണിയാ ഗാന്ധിയെ കണ്ടത്.
മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ക്കൂടി ഉള്‍പ്പെടുത്തി യോഗം വിളിച്ച് ചേര്‍ത്ത് സംഘപരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച ജനാധിപത്യ പ്രതിരോധം തീര്‍ക്കണമെന്ന് മുസ്‌ലിംലീഗ് നേതാക്കള്‍ സോണിയയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്താന്‍ എംപിമാരടക്കമുള്ള സംഘം ശ്രമിച്ചെങ്കിലും ഉത്തരാവാദിത്തപ്പെട്ടവരാരും ചര്‍ച്ചക്ക് തയ്യാറായില്ല. മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍, സെക്രട്ടറി സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എം.എസ്.എഫ് നേതാക്കളായ അഹമദ് സാജു, അതീബ് ഖാന്‍, നദ്‌വി അയ്യായ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.