ദാവൂദ് ഇബ്രാഹീം ഉപാധികളോടെ കീഴടങ്ങാന്‍ തയ്യാറെന്ന് അഭിഭാഷന്‍

താനെ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കെസ്വാനി. ഉപാധികളോടെ കീഴടങ്ങാന്‍ ദാവൂദ് തയ്യാറാണെന്നും എന്നാല്‍ ഉപാധികള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹീമിന് വേണ്ടി താനെ കോടതില്‍ ഹാജരാവാന്‍ എത്തിയതായിരുന്നു കെസ്വാനി.

അതീവ സുരക്ഷയുള്ള ആര്‍തര്‍ റോഡ് ജയിലില്‍ മാത്രമേ തന്നെ തടവില്‍ പാര്‍പ്പിക്കാവൂ എന്നതാണ് ദാവൂദിന്റെ പ്രധാന നിബന്ധന. മുതിര്‍ന്ന അഭിഭാഷകനും കേന്ദ്രമന്ത്രിയുമായിരുന്ന രാം ജത്മലാനിയോട് ദാവൂദ് കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അന്ന് ഉപാധികള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാതിരുന്നതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്ന് കെസ്വാനി പറഞ്ഞു.

ആറ് മാസം മുമ്പ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയും സമാനമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ദാവൂദ് കീഴടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി മോദി ഗവണ്‍മെന്റുമായി വിലപേശല്‍ നടത്തുന്നുണ്ടെന്നുമായിരുന്നു അന്ന് താക്കറെ പറഞ്ഞത്.

SHARE