പരിശീലകനായി വീണ്ടും ജെയിംസ്; ഉയര്‍ത്തേഴുന്നേല്‍പ്പിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: റെനെ മ്യൂലസ്റ്റീനു പകരമായി കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഇനി ഡേവിഡ് ജെയിംസ് പരിശീലിക്കും. മുന്‍ ഇംഗ്ലീഷ് ഗോള്‍കീപ്പായ ജെയിംസ് ക്ലബ് കോച്ചാകുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് യോഗത്തിനുശേഷം അധികൃതര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

പുതുവര്‍ഷരാവില്‍ സ്വന്തം തട്ടകത്തില്‍ ബംഗളൂരു എഫ്.സിയുമായി ഒന്നിനെതിരെ മൂന്നു ഗോളിന്റെ ദയനീയ പരാജയം ബ്ലാസറ്റേഴ്‌സ് ഏറ്റുവാങ്ങിയതിനു പിന്നാലെ മുഖ്യപരിശീലകസ്ഥാനത്തു നിന്ന് കഴിഞ്ഞ ദിവസം രാത്രി റെനെ മ്യൂലന്‍സ്റ്റീന്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് സഹപരിശീലകന്‍ താങ്‌ബോയ് സിങ്‌തോ മുഖ്യപരിശീലക കുപ്പായത്തിലെത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഡേവിഡ് ജെയിംസിന് വീണ്ടും നറുക്കുവീണത്.

ഐ.എസ്.എല്ലിന്റെ പ്രഥമ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും ഗോളിയും പരിശീലകനുമായി മുന്നില്‍ നിന്നും പടനയിച്ച ജെയിംസ്, 2014-ല്‍ ഫൈനല്‍വരെ ടീമിനെ എത്തിച്ചെങ്കിലും അവസാനം കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് അടിയറവുവെക്കുകയായിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഘടത്തില്‍ ക്ലബുമായി മുന്‍പരിചയമുള്ള ഒരു പരിശീലകനെ ലഭിച്ചത് ടീമിന് കൂടുതല്‍ ഗുണകരമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി മുന്‍നിര ടീമുകള്‍ക്കു വേണ്ടി കളിച്ച പരിചയവും ജെയിംസ് മുതല്‍കൂട്ടാണ്.

റെനെയുടെ കീഴില്‍ സീസണില്‍ ഏഴുകളികളില്‍ നിന്നായി രണ്ടും തോല്‍വിയും നാലുസമനിലയുമായി പിന്നോക്കം പോയ ബ്ലാസ്‌റ്റേഴ്‌സ്, ഏഴുപോയന്റുമായി ടേബിളില്‍ എട്ടാം സ്ഥാനത്താണു നിലവില്‍. 11 മത്സരങ്ങള്‍ ബാക്കിനില്‍ക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ സെമി സാധ്യത കേരളത്തിന് നിലനിര്‍ത്താനാവും. നാളെ പൂനൈ സിറ്റിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.