പാലക്കാട്: മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി പാലക്കാട് ചളവറയില്‍ അമ്മയുടെ മൃതദേഹം മറുവുചെയ്യാതെ മകള്‍ മൂന്ന് ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ചു. മൂന്ന് ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കാനായി മൃതദേഹത്തിനരികില്‍ പ്രാര്‍ഥന നടത്തുകയായിരുന്നു മകള്‍.ചളവറ രാജ്ഭവനിലെ ഓമനയുടെ (72) മൃതദേഹത്തിനരികിലാണ് മകള്‍ ഡോ. കവിത മൂന്നുദിവസം പ്രാര്‍ഥനയുമായി കഴിഞ്ഞത്. ജലസേചനവകുപ്പുദ്യോഗസ്ഥന്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ ഓമന ചളവറ എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപികയാണ്.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഓമന മരിച്ചത്. എന്നാല്‍, അമ്മയുടെ മരണം ഉള്‍ക്കൊള്ളാനായില്ലെന്നും പ്രാര്‍ഥന നടത്തിയാല്‍ അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തിലായിരുന്നു താനെന്നും കവിത പോലീസിന് മൊഴിനല്‍കി. പ്രാര്‍ഥനയ്ക്ക് ഫലം കാണാതിരുന്നപ്പോള്‍ അമ്മ മരിച്ചെന്നും മൃതദേഹം സംസ്‌കരിക്കണമെന്നും കവിത അയല്‍വാസിയെ അറിയിക്കുകയായിരുന്നു.
ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും വ്യക്തമായത്. കോവിഡ് സെല്ലിന്റെ സഹായത്തോടെ ചൊവ്വാഴ്ച മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച കോവിഡ് പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നടത്തും.