അക്കൗണ്ടിലേക്കുള്ള 15 ലക്ഷം എന്ന്?; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം പുറത്ത്

ന്യൂഡല്‍ഹി: 15ലക്ഷം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന വിഷയത്തോട് പ്രതികരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. പണം എന്നാണ് നിക്ഷേപിക്കുകയെന്ന ചോദ്യത്തിന് കൈമലര്‍ത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. 2014-ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞത്.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ചോദ്യത്തിനായിരുന്നു ഓഫീസിന്റെ പ്രതികരണം. ഇത് വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരില്ലെന്നും അത്‌കൊണ്ട് ഉത്തരം പറയാന്‍ ആവില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. 2016 നവംബര്‍ 26നാണ് മോഹന്‍ കുമാര്‍ ശര്‍മ്മ എന്നയാളാണ് മോദിയെ വെട്ടിലാക്കിയ ചോദ്യവുമായി രംഗത്തെത്തിയത്. 15 ലക്ഷം രൂപയുടെ വിശദാംശങ്ങള്‍ അറിയാന്‍ വിവരാവകാശ കമ്മീഷന് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. മോദി പ്രഖ്യാപിച്ച 15 ലക്ഷം ജനങ്ങളുടെ അക്കൗണ്ടില്‍ എന്ന് നിക്ഷേപിക്കുമെന്ന് അറിയണമെന്നായിരുന്നു അപേക്ഷ.

എന്നാല്‍ ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വ്യക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും തയ്യാറായില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാതൂര്‍ ശര്‍മ്മയെ അറിയിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറുപടി കിട്ടാത്തതിനെ തുടര്‍ന്നാണ് ശര്‍മ്മ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. നവംബര്‍ എട്ടിന് നടന്ന നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശര്‍മ്മയുടെ ചോദ്യം. രാജ്യത്ത് നിന്ന് കള്ളപ്പണം നീക്കം ചെയ്യാന്‍ വേണ്ടിയാണ് നോട്ട് നിരോധനമെന്നായിരുന്നു മോദിയുടെ വാദം.