ഫെയ്‌സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വില്‍പനക്കെന്ന് റിപ്പോര്‍ട്ട്


ഉപഭോക്താക്കളുടെ സ്വകാര്യ വിവര ചോര്‍ച്ച വിവാദത്തില്‍ വീണ്ടും ഫേസ്ബുക്ക്. 267 ദശലക്ഷം(ഏകദേശം 26 കോടിക്ക് മുകളില്‍) ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൈബര്‍ റിസ്‌ക് അസസ്മെന്റ് പ്ലാറ്റ്മോഫായ സൈബിളിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

500-540 ഡോളറിന്(41,000 രൂപ) ഡാര്‍ക്ക് നെറ്റില്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളുടെ ഐഡി, പേര്, അഡ്രസ്, ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, സൗഹൃദങ്ങള്‍ എന്നിവയാണ് ലഭ്യമായിരിക്കുന്നത്. അതേസമയം, പാസ് വേര്‍ഡ് ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

30കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തേഡ്പാര്‍ട്ടി എപിഐ കാരണമായിരിക്കാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് വിലയിരുത്തല്‍. നേരത്തെ സുരക്ഷ ശക്തമാക്കണമെന്ന് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സൈബര്‍ കുറ്റവാളികളില്‍ നിന്ന് വിവരം സുരക്ഷിതമാക്കാന്‍ ഫേസ്ബുക്ക് നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

SHARE