ഡാറ്റാ സുരക്ഷ; സി.പി.എം നേതാക്കളുടെ മുന്‍നിലപാടുകള്‍ തിരിഞ്ഞുകൊത്തുന്നു


സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ സി.പി.എം നേതാക്കളുടെ മുന്‍ നിലപാടുകള്‍ തിരിഞ്ഞുകൊത്തുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. പൊതുജനത്തിന്റെ സ്വകാര്യതയും ജീവനും അപകടത്തിലാക്കുന്ന വിധം സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ പ്രവാസിയുടെ വിദേശ കമ്പനിയുമായി ഡാറ്റാ വിശകലനത്തിന് അനൗദ്യോഗികമായി കരാറില്‍ ഏര്‍പ്പെടുന്നതോടെയാണ് സ്പ്രിംഗ്ലര്‍ വിവാദം തലപൊക്കിയത്. ലക്ഷക്കണക്കിന് പേരുടെ വിവരങ്ങള്‍ ഈ കമ്പനിക്ക് കൈമാറുകയും ചെയ്തു. ഇപ്പോഴും ഈ നടപടി ശരിയാണെന്ന വിധത്തിലാണ് സി.പി.എം നേതാക്കള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഡാറ്റ നഷ്ടപ്പെടുന്നതിലെ, അല്ലെങ്കില്‍ അതിന്റെ സുരക്ഷിതത്വം നഷ്ടപ്പെടുന്നതിലെ വേവലാതി ആധാര്‍ വിവാദത്തില്‍ ഇവര്‍ ഇങ്ങനെയായിരുന്നില്ല അവതരിപ്പിച്ചിരുന്നത്. അതിനെതിരെ അന്ന് പാര്‍ലമെന്റിലും ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലുമെല്ലാം വലിയ പ്രസംഗങ്ങള്‍ നടത്തിയവരാണ് സി.പി.എമ്മുകാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.വൈ.എഫ് ഐ നേതാവ് എ.എ റഹീം, എം.ബി രാജേഷ് തുടങ്ങിയവരെല്ലാം അന്ന് ഇതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഇതാണിപ്പോള്‍ ഇവരെ തിരിഞ്ഞു കൊത്തുന്ന വിധത്തില്‍ ആയിത്തീര്‍ന്നത്.

ഡാറ്റകളുടെ കൈമാറ്റമാണ് ഇന്ന് നടക്കുന്ന ഓരോ മള്‍ട്ടി നാഷനല്‍ കമ്പനിക്കും ആവശ്യം. ഇത് നമ്മുടെ വിവരങ്ങളും അഭിരുചിയും എല്ലാം വെച്ചുള്ള ഒരു വിപണനമാണ്. ഓരോ മള്‍ട്ടി നാഷനല്‍ കമ്പനിക്കും അതിന്റെ വില്‍പനയാണ് നടക്കുന്നത്. ആധാര്‍ ഡാറ്റ കൊള്ള വിവാദത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം പറഞ്ഞതാണിത്.

ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താതെ സൂക്ഷിച്ചുവെക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. ആധാറിനു വേണ്ടി ശേഖരിച്ച വിവരങ്ങള്‍ ഒരു കാരണവശാലും ജനങ്ങളുടെ സുരക്ഷയെ ബാധിക്കരുത് എന്നായിരുന്നു ആധാര്‍ വിഷയത്തില്‍ എം.ബി രാജേഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം.

SHARE