സ്പ്രിംഗ്ലറിനു പിന്നാലെ സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പ്; ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ സ്വകാര്യതയും സുരക്ഷയും സ്വകാര്യ കമ്പനിക്ക് വിറ്റു


തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തിനു പിന്നാലെ വ്യക്തിഗത വിവരങ്ങള്‍ വീണ്ടും മറ്റൊരു കമ്പനിക്ക് മറിച്ചു നല്‍കിയെന്ന വിവരം പുറത്ത്. സ്പ്രി്ംഗ്ലറിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മറിച്ചുനല്‍കിയതെങ്കില്‍ ഇവിടെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് വേറൊരു കമ്പനിക്ക് മറിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ (എസ്.ഐ.ഇ.ടി) മറവിലാണ് ബംഗളൂരു ആസ്ഥാനമായ ലാസിം സോഫ്റ്റ്വെയര്‍ കമ്പനിയുടെ തട്ടിപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ സോഫ്റ്റ്വെയര്‍ കമ്പനിയുടെ ലിങ്ക് നല്‍കിയാണ് ചോര്‍ത്തല്‍. മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ മാതൃകാ പരീക്ഷയുമായി ബന്ധപ്പെട്ട് www.sietkerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളാണ് സ്വകാര്യ കമ്പനി ചോര്‍ത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സംശയനിഴലിലുള്ള എം.ശിവശങ്കര്‍ സെക്രട്ടറിയായിരിക്കെയാണ് ഐ.ടി വകുപ്പ് ലാസിമിനെ വിദ്യാഭ്യാസ വകുപ്പിലേക്ക് അയച്ചത്.

സര്‍ക്കാര്‍ വെബ്‌സൈറ്റിലെ ലിങ്ക് ക്ലിക്ക് ചെയ്താല്‍ സ്വകാര്യ കമ്പനിയുടെ പേജിലാണ് എത്തുക. വിദ്യാര്‍ത്ഥിയുടെ പേര്, ജനനത്തീയതി, ഇ-മെയില്‍, ആവര്‍ത്തിച്ച് എന്‍ട്രന്‍സ് എഴുതുകയാണോ എന്നീ വിവരങ്ങള്‍ ആവശ്യപ്പെടും. ഈ മാസം 5നാണ് രജിസ്‌ട്രേഷന്‍ തുടങ്ങിയത്. 8ന് രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ച് ഇന്നലെ മാതൃകാ പരീക്ഷ നടത്താനിരുന്നതാണ്. കാലവര്‍ഷക്കെടുതി കാരണം പരീക്ഷ 16ലേക്ക് മാറ്റി.

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഐ.ടി @സ്‌കൂള്‍ അടക്കം സാങ്കേതിക മികവുള്ള സ്ഥാപനങ്ങളുള്ളപ്പോഴാണ് സ്വകാര്യ സോഫ്റ്റ്വെയര്‍ കമ്പനിയുടെ പരീക്ഷ സര്‍ക്കാര്‍ അനുവദിച്ചത്. സ്പ്രിംഗ്ലര്‍ കരാറിലേതുപോലെ സൗജന്യ സേവനമാണ് ലാസിമിന്റേതെന്നാണ് സര്‍ക്കാര്‍ വാദം.

കമ്ബ്യൂട്ടര്‍ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലാസിമിന്, ഓണ്‍ലൈന്‍ പരിശീലനത്തിനപ്പുറം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഒരു പരിചയവുമില്ല. കൊവിഡിനെ പിടിച്ചുകെട്ടിയ കേരളത്തില്‍ വിവരവിശകലനം നടത്തിയത് തങ്ങളാണെന്ന് സ്പ്രിംഗ്ലര്‍ പരസ്യംചെയ്തതു പോലെ, വിദ്യാഭ്യാസവകുപ്പിനായി കണ്ടെന്റ് ഡെവലപ്മെന്റ് നടത്തുന്നെന്നാണ് ലാസിമിന്റെ അവകാശവാദം. കണ്ണൂര്‍ സ്വദേശികളായ അഞ്ചു പേരുടേതാണ് കമ്പനി. ദുബായിലും ഓഫീസുണ്ട്.

തീരുമാനം ദുരൂഹം

? മാതൃകാപരീക്ഷ നടത്താന്‍ ലാസിമിനെ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു

? എസ്.ഐ.ഇ.ടി എംപാനല്‍ ചെയ്തിട്ടുണ്ടെന്നാണ് ലാസിമിന്റെ അവകാശവാദം. മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചാലേ എംപാനല്‍ ചെയ്യപ്പെടൂ. ലാസിമിന്റെ രജിസ്‌ട്രേഷന്‍ 2019ലാണ്.

? പരീക്ഷാനടത്തിപ്പിന് ചുമതലപ്പെടുത്തിയ എസ്.ഐ.ഇ.ടി പൊതുമേഖലാ സ്ഥാപനമാണ്. പ്രവേശന പരീക്ഷകള്‍ നടത്തുന്ന എന്‍ട്രന്‍സ് കമ്മിഷണറേറ്റ്, എല്‍.ബി.എസ് എന്നിവ ഉന്നതവിദ്യാഭ്യാസ വകുപ്പിലാണ്.

ലാസിമിന് 4 ലക്ഷ്യങ്ങള്‍

1)പ്ലസ്ടു ജയിച്ച് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ വില്‍ക്കാം

2) സ്വന്തം ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനത്തിലൂടെ പണമുണ്ടാക്കാം.

3)എം.ബി.ബി.എസിനും ബി.ഡി.എസിനും നീറ്റ് യോഗ്യത നേടാനാവാത്തവര്‍ക്ക് അമേരിക്ക, ജര്‍മ്മനി, ചൈന, ജോര്‍ജിയ, റഷ്യ, ഉക്രെയ്ന്‍, ബെലാറസ്, മോള്‍ഡോവ, ലിത്വാനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ പഠനസൗകര്യമൊരുക്കാം

4)ഗള്‍ഫില്‍ നിന്ന് നീറ്റ് എഴുതാനെത്തുന്ന പതിനായിരത്തിലേറെ കുട്ടികള്‍ക്ക് എന്‍.ആര്‍.ഐ ക്വോട്ടയിലടക്കം പ്രവേശനം തരപ്പെടുത്താം

‘പരീക്ഷാനടത്തിപ്പിന് വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ ആവശ്യമില്ല. ജനനതീയതി ഉള്‍പ്പെടെ ശേഖരിക്കുന്നത് ദുരൂഹമാണ്.’

  • വി..കെ. ആദര്‍ശ്

ഐ.ടി വിദഗ്ദ്ധന്‍

‘സര്‍ക്കാര്‍ നിദ്ദേശപ്രകാരമാണ് പരീക്ഷ. കമ്പനിയുടേത് സൗജന്യ സേവനമാണ്. എത്ര കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കമ്പനിക്കേ അറിയൂ.’

-ബി.അബുരാജ്

ഡയറക്ടര്‍, എസ്.ഐ.ഇ.ടി

SHARE