‘മിയയുടെയും ഷംന കാസിമിന്റെയും നമ്പര്‍ ആവശ്യപ്പെട്ടു’; ധര്‍മ്മജന്‍

കൊച്ചി; യുവനടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും നിര്‍മ്മാതാവുമായ ധര്‍മ്മജനെ ചോദ്യം ചെയ്തു. തട്ടിപ്പു സംഘം തന്നെ രണ്ടു തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും മിയയുടെയും ഷംന കാസിമിന്റെയും നമ്പര്‍ ആവശ്യപ്പെട്ടെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടികളുടെ കണക്കൊക്കെ പറഞ്ഞെന്നും അന്ന് ഒന്നും മനസിലായില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് കരുതുന്നതെന്നും ആരുടെയും നമ്പര്‍ താന്‍ കൈമാറിയിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്ട്രോളറായ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ കൊടുത്തതെന്നാണ് അറിഞ്ഞത്. മറ്റു സുഹൃത്തുക്കളെയും ഇത്തരത്തില്‍ ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും ധര്‍മ്മജന്‍ കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി മൊഴി നല്‍കിയ ശേഷം പറഞ്ഞു. മുന്‍പ് ഇതുപൊലൊരു കേസ് വന്നപ്പോഴും ആദ്യം തന്നെയായിരുന്നു ചോദ്യം ചെയ്തതെന്നും ഇനി വേറെ സെലിബ്രിറ്റികളെ ആരെയെങ്കിലും ചോദ്യം ചെയ്യാനായി വിളിക്കുമോ എന്നറിയില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. അലി അക്ബര്‍ എന്ന ഒരാളാണ് തന്നെ വിളിച്ചതെന്നും ഇവരുമായി ബന്ധപ്പെട്ട ഒരാളാണ് അതെന്ന് മനസിലായെന്നും ധര്‍മ്മജന്‍ പറയുന്നു.

ആനക്കള്ളന്‍ എന്ന ചിത്രത്തില്‍ ഷംനയുമായി ഒന്നിച്ച് താന്‍ അഭിനയിച്ചിട്ടുണ്ടെന്നും അങ്ങനെ പരിചയമുണ്ടെന്ന് കണ്ടാകണം തട്ടിപ്പുസംഘം തന്നെ ബന്ധപ്പെട്ടതെന്നും. ഇവര്‍ നമ്പര്‍ ആവശ്യപ്പെട്ട കാര്യമൊന്നും ഇവരെ അറിയിക്കുക പോലും താന്‍ ചെയ്തില്ലെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

SHARE