ഇന്ന് കശ്മീര്‍, നാളെ….? അമിത് ഷായുടെ കശ്മീര്‍ വിഭജനത്തില്‍ ഒളിച്ചിരിക്കുന്ന അപകടം

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി ഒരു സുപ്രഭാതത്തില്‍ എടുത്തുകളയുന്ന പ്രഖ്യാപനമാണ് ഇന്ന് രാജ്യം കണ്ടത്. വളരെ ആസൂത്രിതമായി കശ്മീരിനെ സൈനിക വലയത്തിലാക്കി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ നിര്‍ത്തലാക്കി എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ആര്‍ക്കും ഒരു സൂചനയും നല്‍കാതെയാണ് അമിത് ഷാ രാജ്യസഭയില്‍ കശ്മീര്‍ വിഭജിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഇത് കശ്മീരിന്റെ പ്രത്യേക പദവിയുമായി മാത്രം ബന്ധപ്പെട്ട ഒന്നാണോ? കശ്മീരികളെ മാത്രം ബാധിക്കുന്ന ഒന്നാണോ? അല്ലെന്നാണ് യാഥാര്‍ത്ഥ്യം. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഒരു സ്വേച്ഛാധിപത്യ രീതിക്കാണ് അമിത് ഷാ ഇന്ന് മാതൃക കാട്ടിയിരിക്കുന്നത്. നോട്ട് നിരോധനത്തിന് സമാനമായി ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന വകുപ്പുകളിലൊന്ന് എടുത്തുകളയുകയും ഒരു സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുന്ന സുപ്രധാന തീരുമാനം മോദി സര്‍ക്കാര്‍ കൈക്കൊണ്ടത് വെറും മൂന്നുപേരുടെ തീരുമാനമായാണ്. മോദി-അമിത് ഷാ-അജിത് ഡോവല്‍ കൂട്ടുകെട്ടിന്റെ മാത്രം തീരുമാനം. രാജ്യത്തിന്റെ പാര്‍ലമെന്റും പ്രതിപക്ഷവും എല്ലാം അപ്രകസക്തമായിപ്പോയിരിക്കുന്നു. കശ്മീരിലെ നേതാക്കളെല്ലാം തടങ്കലിലാണ്. അവരുടെ എല്ലാ ആശയ വിനിമയ ഉപാധികളും റദ്ദാക്കിയിരിക്കുന്നു.

പാര്‍ലമെന്റില്‍ ബില്ലവതരിപ്പിച്ചപ്പോഴാണ് ഇത്രയും പ്രധാനപ്പെട്ട തീരുമാനമാണ് ഒരു ഓര്‍ഡിനന്‍സായി വരുന്നതെന്ന് പ്രതിപക്ഷം പോലും അറിയുന്നത്. ഇത് ഒരു കശ്മീരില്‍ മാത്രം നില്‍ക്കുന്ന ഒന്നാവുമെന്ന് കരുതാനാവില്ല. ഇന്ന് കശ്മീര്‍ വിഭജിച്ചതുപോലെ നാളെ കേരളവും മറ്റേത് സംസ്ഥാനവും മോദി-അമിത് ഷാ-ഡോവല്‍ കൂട്ടുകെട്ട് വിഭജിക്കുകയോ ഏറ്റെടുക്കുകയോ ചെയ്‌തേക്കാം.

ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം എക്കാലവും ഉയര്‍ത്തിയ മൂന്ന് പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുക എന്നത്. രാമക്ഷേത്ര നിര്‍മാണം, ഏക സിവില്‍ കോഡ് നടപ്പാക്കല്‍ എന്നിവയാണ് മറ്റു രണ്ടെണ്ണം. ഇതുപൊലെ ഒരു സുപ്രഭാതത്തില്‍ ഏവരെയും നിശബ്ദമാക്ക് ഏക സിവില്‍ കോഡ് പ്രഖ്യാപിക്കപ്പെടുന്ന ദിനം വിദൂരമല്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നത്.

SHARE