ചെങ്കോട്ട പരിപാലനം സ്വകാര്യ കമ്പനിക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വരും വര്‍ഷങ്ങളില്‍ ചെങ്കോട്ടയുടെ പരിപാലനം ഇനി ഡാല്‍മിയ ഗ്രൂപ്പാണ് നടപ്പിലാക്കുക. 25 കോടി രൂപക്കാണ് അഞ്ച് വര്‍ഷത്തേക്ക് ചെങ്കോട്ടയെ ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഷാജഹാന്റെ ചെങ്കോട്ട അഞ്ച് വര്‍ഷത്തെ പരിപാലനത്തിനായി ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തു. ഇന്‍ഡിഗോ എയര്‍ലൈന്‍സിനെയും ജി.എം.ആര്‍ ഗ്രൂപ്പിനെയും മറികടന്നാണ് ഡാല്‍മിയ കരാര്‍ കൈക്കലാക്കിയത്. ഡാല്‍മിയ ഭരത് ലിമിറ്റഡുമായി ഇതുസംബന്ധിച്ച കരാറില്‍ ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഒപ്പിട്ടു.
കഴിഞ്ഞ സെപ്തംബറില്‍ രാഷ്ട്രപതി പ്രഖ്യാപിച്ച അഡോപ്റ്റ് എ ഹെറിറ്റേജ് സൈറ്റ് പദ്ധതി പ്രകാരണമാണ് ചെങ്കോട്ടയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അവകാശം ഡാല്‍മിയ ഗ്രൂപ്പിന് ലഭിച്ചത്. ചെങ്കോട്ടയുടെ വികസപ്രവര്‍ത്തനങ്ങള്‍ ഇനി അഞ്ച് വര്‍ഷത്തേക്ക് നടപ്പാക്കുക ഡാല്‍മിയ ഗ്രൂപ്പ് ആയിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം രാജ്യത്തെ 90 ലധികം ചരിത്ര സ്മാരകങ്ങളാണ് ഇത്തരത്തില്‍ സ്വകാര്യ കമ്പനികളെ പരിപാലന ചുമതലയേല്‍പ്പിക്കുന്നത്. ഏപ്രില്‍ തുടക്കത്തില്‍ കമ്പനി സര്‍ക്കാരുമായി കരാറിലെത്തിയെങ്കിലും കഴിഞ്ഞദിവസമാണ് ഇക്കാര്യം പുറത്തുവരുന്നത്.

കരാര്‍ പ്രകാരം കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍, സൂചകങ്ങള്‍ തുടങ്ങിയവ ഡാല്‍മിയ ഗ്രൂപ്പ് സ്ഥാപിക്കണം. കോട്ടയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം സ്മാരകം സംരക്ഷിക്കേണ്ട ചുമതലയും ഗ്രൂപ്പിനാണ്. ടൂറിസം വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും അനുമതിയോടെ ചെങ്കോട്ട സന്ദര്‍ശിക്കാനെത്തുന്നവരില്‍നിന്ന് സന്ദര്‍ശക ഫീസ് ഈടാക്കാനും ഗ്രൂപ്പിന് കഴിയും. അതേസമയം ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.