മേല്‍ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചു ; ദളിത് യുവാവിനെ കൊന്ന് കെട്ടി തൂക്കി

മേല്‍ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചുവെന്ന കാരണം പറഞ്ഞ് ദളിത് യുവാവിനെ കൊന്ന് പഞ്ചായത്ത് ഓഫീസില്‍ കെട്ടിത്തൂക്കിയതായി പരാതി. ബിക്കി ശ്രീനിവാസ് എന്ന 30 കാരനാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ രംഗംപെട്ട മണ്ഡലില്‍ ബുധനാഴ്ചയാണ് സംഭവം.
തോട്ടം ഉടമയായ മേല്‍ജാതിക്കാരന്‍ ബിക്കി മാങ്ങ പറിക്കുന്നത് അറിഞ്ഞ് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം ബിക്കിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇത് മരണത്തിന് ഇടയാക്കിയതായാണ് വിവരം. തുടര്‍ന്ന് ബിക്കിയുടെ മൃതദേഹവുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയ തോട്ടം ഉടമ ഉള്‍പ്പെടെയുള്ളവര്‍ ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തില്‍ ബിക്കി ആത്മഹത്യ ചെയ്തതായി വരുത്തി തീര്‍ക്കാനായിരുന്നു തോട്ടം ഉടമയുള്‍പ്പെടെയുള്ളവരുടെ ശ്രമം. ഇതിന് പഞ്ചായത്ത് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബന്ധുക്കള്‍ ചേര്‍ന്നാണ് മൃതദേഹം താഴെയിറക്കിയത്. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവം അറിഞ്ഞ് ആയിരത്തിലധികം ആളുകള്‍ സിംഗംപള്ളിയിലെത്തി പ്രതിഷേധിച്ചു. എസ്‌സി, എസ് ടി ആക്ട് പ്രകാരം ബിക്കിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.

SHARE