വിള നശിപ്പിച്ച് കൃഷിഭൂമി പിടിച്ചെടുത്ത് സര്‍ക്കാരിന്റെ ക്രൂരത; ദളിത് ദമ്പതികള്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു


ഭോപ്പാല്‍: ജീവിതോപാധിയായ വിള നശിപ്പിച്ച് വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന ഭൂമി പിടിച്ചെടുക്കുകയും, പൊലീസ് ക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തതില്‍ മനംനൊന്ത് മധ്യപ്രദേശില്‍ ദളിത് ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുണ ജില്ലയിലാണ് സംഭവം. രാം കുമാര്‍ അഹിര്‍വാര്‍, സാവിത്രി ദേവി എന്നിവരാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരും മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ അതിക്രൂര നടപടിയില്‍ മനംനൊന്ത് ഇവര്‍ മക്കള്‍ക്കുമുന്നില്‍ വെച്ച് കീടനാശിനി കഴിക്കുകയായിരുന്നു. കൃഷി ചെയ്തുള്ള വരുമാനത്തിലൂടെ ഉപജീവനം കണ്ടെത്തുന്നവരാണ് രാം കുമാര്‍ അഹിര്‍വാറും സാവിത്രിയും. സര്‍ക്കാര്‍ ഭൂമിയിലാണ് ഇവര്‍ വര്‍ഷങ്ങളായി വിളയിറക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം റവന്യൂ ഉദ്യോഗസ്ഥരും പൊലീസ് സംഘവുമെത്തി കൃഷി നശിപ്പിക്കുകയും ഭൂമി പിടിച്ചെടുക്കുകയുമായിരുന്നു. 5.5 ഏക്കര്‍ വരുന്ന പ്രസ്തുത ഭൂമിയില്‍ കോളജ് നിര്‍മ്മിക്കാന്‍ പോവുകയാണെന്ന് അറിയിച്ചായിരുന്നു ഉദ്യോഗസ്ഥവൃന്ദത്തിന്റെ അതിക്രമം.

ദളിത് ദമ്പതികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്നും പൊലീസ് ആരോപിച്ചു. ‘ഞങ്ങളിവിടെ വര്‍ഷങ്ങളായി കൃഷി ചെയ്തുവരികയാണ്. വിള നശിപ്പിച്ചതോടെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതായി. അതിനാലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് സാവിത്രി ദേവി പറഞ്ഞു. 3 ലക്ഷത്തിന്റെ കടമുണ്ട്. അത് വീട്ടണം, ആ പണം ഗവണ്‍മെന്റ് അടയ്ക്കുമോയെന്നും സാവിത്രി ദേവി ചോദിക്കുന്നു. അതിരില്‍ മതില്‍ പണിയുന്നതിന്റെ നടപടികള്‍ക്കായാണ് റവന്യൂ സംഘം പൊലീസുകാരുടെ അകമ്പടിയോടെ എത്തിയത്. സ്ഥലമൊഴിപ്പിക്കാന്‍ കൃഷി നശിപ്പിക്കുകയായിരുന്നു. ദമ്പതികള്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ക്രൂരമായ അതിക്രമം നടത്തി. കുട്ടികളെ തള്ളിമാറ്റുകയും അവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതോടെ ഇരുവരും കീടനാശിനി കഴിക്കുകയായിരുന്നു.

എന്നിട്ടും പൊലീസ് വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം കുറ്റക്കാരായ ഉദ്യോഗസ്ഥരെ ന്യായീകരിക്കുകയായിരുന്നു ഗുണ കളക്ടര്‍. കീടനാശിനി കഴിച്ചതിന് ശേഷമാണ് പൊലീസ് ഇടപടല്‍ ഉണ്ടായതെന്നും ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുകയുമായിരുന്നുവെന്നും പരാമര്‍ശിച്ച് കളക്ടര്‍ പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍ സംഭവം വിവാദമായതോടെ കളക്ടറെ സ്ഥാനത്ത് നിന്ന് നീക്കി. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SHARE