‘സഖാവ് പിണറായി, എന്നെയും കുടുംബത്തെയും കൊന്നിട്ട് ശവം പച്ചക്കു തിന്നൂ’, സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ചിത്രലേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ.

വീട് വെക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ചിത്രലേഖ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്.

‘സഖാവ് പിണറായി, എന്നെയും എന്റെ കുടുംബത്തെയും കൊന്നിട്ട് ശവം പച്ചക്കു തിന്നൂ’, എന്നു പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ചിത്രലേഖ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

വീടുവെക്കുന്നിന് യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചു സെന്റ് ഭൂമി നല്‍കിയ തീരുമാനം പിണറായി സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു.

കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തില്‍ കട്ടാമ്പള്ളിയില്‍ രണ്ടു വര്‍ഷം മുമ്പാണ് ചിത്രലേഖക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വീടുവെക്കുന്നതിന് സ്ഥലം അനുവദിച്ചു നല്‍കിയത്. ഇത് റദ്ദാക്കി കൊണ്ട് റവന്യൂ ഡിവിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ പുതിയ ഉത്തരവിറക്കി്. ഇതിന്റെ പകര്‍പ്പ് ചിത്രലേഖക്കു ലഭിച്ചിട്ടുണ്ട്.

‘ ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ അഞ്ചു സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി. എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ല എങ്കില്‍ സഖാവ് പിണറായി എന്നെയും കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചക്ക് തിന്നുന്നതാ നല്ലത്.’, ചിത്രലേഖ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വന്തമായി ഭൂമിയുണ്ടെന്ന് കാട്ടിയാണ് ഭൂമിദാനം റദ്ദ് ചെയ്തിരിക്കുന്നത്. എന്നാല്‍ രേഖയില്‍ പറയുന്ന ഭൂമി തന്റെ പേരില്‍ ഉള്ളതല്ലെന്നും അത് തന്റെ അമ്മയുടെ അമ്മക്ക് പതിപ്പിച്ചു കിട്ടിയതാണെന്നും അവരുടെ പേരിലാണ് ഭൂമിയുള്ളതെന്നും ചിത്രലേഖ പറയുന്നു.

നേരത്തെ വീടുവെക്കുന്നതിന് അഞ്ചു ലക്ഷം രൂപ കൂടി അനുവദിച്ചു നല്‍കാമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതും ഒഴിവാക്കി.

പിന്നീട് കെ.എം ഷാജി എം.എല്‍.എയുടെയും മുസ്‌ലിം ലീഗ് കൂട്ടായ്മയായ ഗ്രീന്‍വോയ്‌സിന്റെയും സഹായത്തോടെയാണ് ഇപ്പോള്‍ വീടുപണി പുരോഗമിച്ചുവന്നത്. പണി പൂര്‍ത്തിയാകാറായ സമയത്താണ് ഭൂമിദാനം റദ്ദാക്കി കൊണ്ട് ഇടതുസര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ആശങ്കാജനകമാണെന്ന് ചിത്രലേഖ പറഞ്ഞു.

SHARE