ദലിത് യുവാവിന്റെ കൊലപാതകം; സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എയെ നാട്ടുകാര്‍ ആക്രമിച്ചു

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഗ്വാളിയര്‍-ചമ്പല്‍ മേഖലയിലെ മുന്‍ എംഎല്‍എ മുന്നാലല്‍ ഗോയലിനു നേരെ ജനം ആക്രമണം അഴിച്ചുവിട്ടത്. സിറൗള്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ദലിത് യുവാവ് കൊലപ്പെട്ട സംഭവത്തില്‍ പ്രദേശം സന്ദര്‍ശിക്കാനെത്തിയെ മുന്‍ എംഎല്‍എക്കെതിരെ പെട്ടെന്ന് കല്ലേറുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ ഓടികൂടി ഗോയലിനെ അക്രമിക്കാനും ശ്രമിച്ചു. അക്രമത്തില്‍ മുന്‍ എംഎല്‍എയുടെ തലയില്‍ പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് സ്വന്തം കാറില്‍ തന്നെ സ്ഥലം കാലിയാക്കുകയായിരുന്നു മുന്നാലാല്‍.

ഇന്നലെ രാവിലെ സിറൗള്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് ദലിത് യുവാവ് കൊലപ്പെട്ടത്. പത്തൊന്‍പതുകാരനായ പരസ് ജൗറിയെ സായുധസംഘം ആക്രമിക്കുകയും തിങ്കളാഴ്ച രാത്രി ജാതവ് മൊഹല്ലയിലെ ഫൂട്ടി കോളനിയിലെ വീടിനുള്ളില്‍ കയറി കൊലപ്പെടുത്തുകയുമായിരുന്നു. പ്രദേശത്തുള്ള ബി ആര്‍ അംബേദ്കറുടെ പ്രതിമ നശിപ്പിച്ച കേസിലെ സാക്ഷിയായിരുന്നു ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയായ ജൗറി. ഇയാള്‍ പ്രദേശത്തെ അറിയപ്പെട്ട യുവ ആക്ടിവിസ്റ്റ് കൂടിയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള മുന്നാലാലിന്റെ രാഷ്ട്രീയ ഇടപെടലാണ് പ്രദേശത്ത് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിവരം. എഫ്ഐആറില്‍ ആരുടേയും പേര് വെളിപ്പെടുത്തരുതെന്ന് കുടുംബത്തോട് ആവശ്യപ്പെടാനാണ് ഗോയല്‍ അവിടെ പോയതെന്ന് ദലിത് ആക്ടിവിസ്റ്റും കോണ്‍ഗ്രസ് നേതാവുമായ ദേവാഷിഷ് ജാരാരിയ പറഞ്ഞു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നും മരണപ്പെട്ടയാളുടെ മൃതദേഹവുമായി നാട്ടുകാര്‍ പാലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കുകയാണെന്നും ജരാരിയ ന്യൂസ് 18 നോട് പറഞ്ഞു.

എന്നാല്‍ മരണ വിവരം തനിക്ക് ലഭിച്ചതിനെ തുടര്‍ന്ന് ഇരയുടെ കുടുംബത്തിന് അനുശോചനം അറിയിക്കാന്‍ എത്തിയതായിരുന്നെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ കടുത്ത വിശ്വസ്തനായി ഗോയല്‍ പ്രതികരിച്ചത്.

ഗ്വാളിയോര്‍ ഈസ്റ്റ് സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മുന്നാലാല്‍ ഗോയല്‍ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് സിക്കര്‍വാറിനെയാണ് പരാജയപ്പെടുത്തിയിരുന്നു. ഇവിടെ മുന്നാലല്‍ വീണ്ടും മത്സരിക്കുന്നതിനോട് ബിജെപില്‍ എതിര്‍പ്പുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.