അച്ഛന്റെ ഒരു വര്‍ഷത്തെ ശമ്പളമായിരുന്നു എന്റെ വിമാന ടിക്കറ്റ്; പ്രചോദിപ്പിക്കുന്ന ജീവിത കഥ പറഞ്ഞ് സുന്ദര്‍ പിച്ചൈ

ന്യൂഡല്‍ഹി: ‘തുറന്ന ചിന്താഗതി പുലര്‍ത്തുക, അക്ഷമരായിരിക്കുക, പ്രതീക്ഷ കാത്തു സൂക്ഷിക്കുക’ – ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്ക്ക് പറയാനുള്ളത് ഇതായിരുന്നു. കോവിഡ് 19 ഉലച്ചു കളഞ്ഞ സമ്പദ് വ്യവസ്ഥയ്ക്കിടയില്‍ ലോകത്തുടനീളമുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച വിര്‍ച്വല്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിച്ചൈ.

സ്വന്തം ജീവിതാനുഭവങ്ങള്‍ വിവരിച്ചായിരുന്നു പിച്ചൈയുടെ പ്രസംഗം.

”യു.എസിലേക്കുള്ള എന്റെ വിമാന ടിക്കറ്റിനായി അച്ഛന്‍ ചെലവഴിച്ചത് അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ ശമ്പളമായിരുന്നു. അതുകൊണ്ട് എനിക്ക് സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ എത്താന്‍ സാധിച്ചു. അതെന്റെ ആദ്യ വിമാന യാത്രയായിരുന്നു. അമേരിക്ക വളരെ ചെലവേറിയ സ്ഥലമാണ്. വീട്ടിലേക്കുള്ള ഫോണ്‍കോളിന് മിനുട്ടിന് രണ്ട് ഡോളറിന് മുകളിലായിരുന്നു നല്‍കേണ്ടിയിരുന്നത്. ഇന്ത്യയില്‍ അച്ഛന് ഒരു മാസം ലഭിക്കുന്ന ശമ്പളമായിരുന്നു എന്റെ ബാക്ക്പാക്കിന്റെ ചെലവ്.” -അദ്ദേഹം ഓര്‍ത്തടുത്തു.

സാങ്കേതികവിദ്യയുടെ പിന്തുണയില്ലാതെ വളര്‍ന്ന കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. ”ഞാന്‍ അമേരിക്കയില്‍ ബിരുദ പഠനത്തിന് എത്തുന്നതുവരെ സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഒരു ടി.വി ലഭിച്ചപ്പോള്‍ അതില്‍ ഒരു ചാനല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പത്തു വയസ്സാകുന്നതു വരെ ടെലിഫോണ്‍ കോള്‍ പോലും ലഭിച്ചിട്ടില്ല”- അദ്ദേഹം പറഞ്ഞു.

യൂട്യൂബില്‍ സ്ട്രീം ചെയ്ത ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമ, നടിയും ഗായികയുമായ ലേഡി ഗാഗ, ഗായകന്‍ ബിയോന്‍സ്, ദക്ഷിണ കൊറിയന്‍ ബാന്‍ഡ് ബി.ടി.എസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ചെന്നൈയിലെ രണ്ടു മുറി വീട്ടില്‍ ജനിച്ചു വളര്‍ന്ന സുന്ദര്‍ പിച്ചൈ ഒരു മെറ്റിരിയല്‍സ് എഞ്ചിനീയര്‍ ആയായിരുന്നു കരിയര്‍ തുടങ്ങിയത്. 2004ല്‍ ഗൂഗ്‌ളില്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടിവ് ആയി നിയമിതനായി. തുടര്‍ന്ന് അദ്ദേഹം ഗൂഗ്‌ളിന്റെ പ്രൊഡക്ട് ചീഫ് ആയി. ശേഷം 2015ലാണ് സുന്ദര്‍ പിച്ചൈ ഗൂഗ്ര്‍ സി.ഇ.ഒ ആയി മാറിയത്.

SHARE