ഉംപുണ്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്ക് പ്രവേശിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു. രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അടുത്ത നാല് മണിക്കൂറില്‍ ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് കേറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ 265 കീമീ വേഗത്തില്‍ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കര തൊടുമ്പോഴും കാറ്റിന് 185 കീമീ വരെ വേഗതയുണ്ടാവും എന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ ഭാഗമായി കൊല്‍ക്കത്ത നഗരം അതീവ ജാഗ്രതയിലാണ്. മേല്‍പ്പാലങ്ങള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയില്‍ വന്‍നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത് വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ബംഗാളില്‍ മൂന്നു ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങള്‍ ഇരു സംസ്ഥാനങ്ങളിലുമായുണ്ട്.

SHARE