അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു.തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശതാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്.ഇത് കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
അറബിക്കടലില്‍ ലക്ഷദ്വീപിനടുത്തായി ന്യൂനമര്‍ദ പ്രദേശം രൂപപ്പെട്ടു വരുന്നുണ്ട്. അടുത്ത 48 മണിക്കൂറില്‍ അത് കൂടുതല്‍ ശക്തിപ്പെടാനും തീവ്രന്യൂനമര്‍ദം വീണ്ടും ശക്തിപ്പെടുകയാണെങ്കില്‍ പിന്നീട് ചുഴലിക്കാറ്റുമാകാനും സാധ്യതയുണ്ട്.

ന്യൂനമര്‍ദങ്ങളുടെ പ്രഭാവം മൂലം അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കടലില്‍ മോശം കാലാവസ്ഥ രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 1, 2 തീയതികളില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. ന്യൂനമര്‍ദത്തിന്റെ സാഹചര്യത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കടലാക്രമണം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

SHARE