വ്യാപക മഴക്കെടുതി

 

മലയോര മേഖലയില്‍ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം
തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി

കൊല്ലം: ജില്ലയില്‍ പരക്കെ മഴ. കിഴക്കന്‍ മേഖലയില്‍ മഴക്കെടുതിയില്‍ ഒരു മരണം. കനത്ത മഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയില്‍ പതിച്ചാണ് അപകടം ഉണ്ടായത്. കുളത്തൂപ്പുഴയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിശ്വനാഥന്‍ (വിഷ്ണു 45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നെടുവണ്ണൂര്‍ കടവിന് സമീപമായിരുന്നു അപകടം. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോര മേഖലയില്‍ രാത്രികാലങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കായല്‍, കടല്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
കുളത്തൂപ്പുഴ ശങ്കിലിവനത്തിനുള്ളില്‍ ഉരുല്‍ പൊട്ടിയതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കല്ലടയാര്‍ കലങ്ങിമറിഞ്ഞ് നീരൊഴുക്കു വര്‍ധിച്ചു. ശക്തമായ കാറ്റിലും മഴയിലും കിഴക്കന്‍ മേഖലയില്‍ വ്യാപക കൃഷിനാശവും സംഭവിച്ചു.
മരചില്ലകള്‍ ഒടിഞ്ഞും കടപുഴകിവീണ് ഗതാഗതം മുടങ്ങി. നെടുവണ്ണൂര്‍ കടവിന് സമീപം റോഡിന് കുറുകെ വീണ മരം ഫയര്‍ഫോഴ്‌സ് സംഘം രാത്രിയോടെ നീക്കം ചെയ്തു.
തെന്മലയിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം രാത്രി വൈകിയും പുനസ്ഥാപിച്ചിട്ടില്ല. കട്ടിളപാറയടക്കമുള്ള വന ഗ്രാമങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്ക് മരം വീണു. പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായി. തെന്മല ഡാമിന് സമീപം വീണ മരങ്ങള്‍ മുറിച്ചുമാറ്റി. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 20 സെറ്റിമീറ്റര്‍ ഉയര്‍ത്തി. 115.82 മീറ്റര്‍ ഫുള്‍ റിസര്‍വോയര്‍ നിരപ്പുള്ള ജലവിതാനം 115.45 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് നടപടി. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. എല്ലാ വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും രാത്രിയിലും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

SHARE