കല്‍പ്പറ്റ: തെക്കേവയനാട്ടില്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള പൂക്കോട് ഇക്കോ ടൂറിസം സെന്ററില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചു.
വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുറുവ, ചെമ്പ്രമല, മീന്‍മുട്ടി, ബാണാസുരമല വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചതിനുശേഷം പൂക്കോട് എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 ശതമാനത്തിനടുത്ത് വര്‍ധനയുണ്ടായതായി ടൂറിസം സെന്റര്‍ മാനേജര്‍ എം.എസ്. ദിനേശ് പറഞ്ഞു.
നൈസര്‍ഗിക തടാകവും പ്രകൃതിസൗന്ദര്യവുമാണ് പൂക്കോട് ടൂറിസം സെന്ററിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സെന്ററില്‍ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിള്‍ സവാരിക്കും പുതുതായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1,750 മീറ്ററിലാണ് സൈക്കിള്‍ സവാരി അനുവദിക്കുന്നത്. 50 രൂപ ഫീസ് നല്‍കിയാല്‍ 20 മിനിറ്റ് തടാകതീരത്തു സൈക്കിളില്‍ ചുറ്റിയടിക്കാം. സന്ദര്‍ശകരുടെ ഉപയോഗത്തിനു 15 സൈക്കിളുകളാണ് സെന്ററിലുള്ളത്. അതേസമയം 50 രൂപക്ക് 20 മിനിറ്റ് മാത്രം സവാരി വളരെ കുറഞ്ഞുപോയതായി സഞ്ചാരികള്‍ പരാതി പറയുന്നുണ്ട്. സൈക്കിളുകളുടെ എണ്ണക്കുറവും ആവശ്യക്കാരുടെ എണ്ണകൂടുതലുമാണ് വിലയുയര്‍ത്താന്‍ കാരണമെന്നാണ് അധികൃതരുടെ മറുപടി.
സവാരിക്കായി തടാകത്തിനു ചുറ്റുമായി 8 മീറ്റര്‍ വീതിയില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ഇന്റര്‍ലോക്ക് നടപ്പാത നിര്‍മിച്ചിട്ടുണ്ട്. 50 ലക്ഷം മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പാക്കിയതെന്ന് വയനാട് ഡിടിപിടി സെക്രട്ടറി ബി ആനന്ദ് പറഞ്ഞു. പ്രളയത്തിന് ശേഷം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷം ഈ വര്‍ഷം ആദ്യത്തിലാണ് സൈക്കിള്‍ സവാരി ആരംഭിച്ചത്.
ദിവസം ശരാശരി 150 സന്ദര്‍ശകര്‍ സൈക്കിള്‍ സവാരി നടത്തുന്നുണ്ട്. വിദേശികളടക്കം യുവസഞ്ചാരികളാണ് സൈക്കിള്‍ യാത്രയില്‍ കൂടുതല്‍ താത്പര്യം കാട്ടുന്നത്. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്കു തടാകത്തില്‍ ബോട്ടുയാത്ര നടത്തുന്നതിലാണ് കമ്പം. തുഴ ബോട്ടുകളും പെഡല്‍ ബോട്ടുകളും സെന്ററിലുണ്ട്.