സൈബര്‍ ആക്രമണത്തില്‍ ഞെട്ടി ലോകം

ന്യൂഡല്‍ഹി: യു.എസിന്റെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)യില്‍ നിന്ന് മോഷ്ടിച്ച ഉപകരണങ്ങളുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള കോര്‍പറേറ്റ് കമ്പനികളില്‍ സൈബര്‍ ആക്രമണം. സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലാണ് ആദ്യം ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് റഷ്യയിലും തായ്‌വാനിലും ആക്രമണങ്ങളുണ്ടായി. വന്നക്രൈ റാന്‍സംവെയര്‍ വൈറസ് വഴിയായിരുന്നു ആക്രമണം.

കമ്പ്യൂട്ടര്‍ തുറക്കാന്‍ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ട് സന്ദേശം വരുന്ന അപകടകരമായ വൈറസാണ് റാന്‍സംവെയര്‍. പണം എവിടെ നിക്ഷേപിക്കണമെന്നും അറിയിച്ചിട്ടുണ്ടാകും. അടക്കാത്ത പക്ഷം കമ്പ്യൂട്ടറുകള്‍ തുറക്കാനാവില്ല. എന്നാല്‍ പണം അടച്ചാല്‍ വൈറസ് പിന്‍വലിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പണമടക്കരുത് എന്നാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബിറ്റ്‌കോയിന്‍ വിര്‍ച്വല്‍ കറന്‍സിയിലൂടെ പണം നല്‍കണമെന്നായിരിക്കും നിര്‍ദേശം. പണമായി നല്‍കുന്നത് കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുമെന്നതാണ് ബിറ്റ്‌കോയിന്‍ ആവശ്യപ്പെടാനുള്ള കാരണം.
99 രാഷട്രങ്ങളില്‍ വൈറസ് ആക്രമണമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനില്‍ ആരോഗ്യമേഖലയെ ആക്രമണം സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തെരേസ മെയ് ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്‌പെയിനിലെ ടെലികോം കമ്പനികളായ ടെലിഫോണിക, ഐബെര്‍, ഡ്രോല, ഗ്യാസ് നാചുറല്‍, ഏഷ്യയിലെ ടെലികോം ഭീമനായ മെഗാഫോണ്‍ തുടങ്ങിയര്‍ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ആക്രമണം മൂലം ഉത്പാദനം നിര്‍ത്തിവെച്ചു.

SHARE