സൈബര്‍ ആക്രമണം വിടാതെ പാര്‍വ്വതി; ‘മൈ സ്‌റ്റോറി’യിലെ രണ്ടാം ഗാനത്തിനും ഡിസ്‌ലൈക്

സൈബര്‍ ആക്രമണം പാര്‍വ്വതിയെ വിടുന്നില്ല. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈ സ്‌റ്റോറി എന്ന പുതിയ ചിത്രത്തിലെ രണ്ടാം ഗാനത്തിനും ആരാധകരുടെ ഡിസ്‌ലൈക്. കഥകള്‍ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ഗാനമാണ് അണിയറക്കാര്‍ പുറത്തു വിട്ടത്. ആദ്യ ഗാനത്തിന് ലഭിച്ച ഡിസ്‌ലൈക്ക് ആക്രമണം രണ്ടാം ഗാനത്തിനെയും പിന്തുടരുന്നുവെന്നാന്ന് ഇതുവരെയുള്ള സൂചനകള്‍.

ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന പാട്ടിന് വരികള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. മധ്യവയ്‌സ്‌ക്കനായ കഥാപാത്രമായാണ് പൃഥ്വി ഈ ഗാനരംഗത്തില്‍ എത്തുന്നത്. നായികയായ പാര്‍വതിയും പൃഥ്വിക്കൊപ്പം പാട്ടില്‍ അണിനിരക്കുന്നു. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

മൈ സ്‌റ്റോറിയിലെ ആദ്യ ഗാനത്തിന് 20 ലക്ഷത്തോളം കാഴ്ക്കാരെ ഇതു വരെ യൂട്യൂബില്‍ ലഭിച്ചു കഴിഞ്ഞു. ഈ ഗാനത്തിന് ഒന്നരലക്ഷത്തിലധികം ഡിസ്‌ലൈക്കുകള്‍ ലഭിച്ചപ്പോള്‍ അമ്പതിനായിരത്തിനടുത്ത് ലൈക്കുകള്‍ മാത്രമാണ് കിട്ടിയത്. ചിത്രത്തിലെ നായികയായ പാര്‍വതി ആയിടയ്ക്ക് നടത്തിയ ചില പരാമര്‍ശങ്ങളാണ് സൈബര്‍–ഡിസ്‌ലൈക്ക് ആക്രമണത്തിനു കാരണമായത്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറവും ഈ ആക്രമണത്തിനു മാറ്റമുണ്ടായിട്ടില്ലെന്നാണ് രണ്ടാം ഗാനത്തിനു ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

SHARE