നദികളില്‍ ജലനിരപ്പ് കുറയുന്നു: സി.ഡബ്ലിയു.ആര്‍.ഡി.എം പഠനം തുടങ്ങി

കോഴിക്കോട്: പ്രളയത്തിനു ശേഷം സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അസാധാരണമായി കുറയുന്ന പ്രതിഭാസത്തെപറ്റി ജലവിഭവ വികസന വിനിയോഗ കേന്ദ്രം(സി.ഡബ്ലിയു.ആര്‍.ഡി.എം) പഠനം തുടങ്ങി. കോഴിക്കോട് ജില്ലയിലെ പൂനൂര്‍പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവിടങ്ങളിലാണ് പ്രാഥമികമായി പരിശോധന നടത്തിയത്.

ഇവിടങ്ങളില്‍ വെള്ളത്തിന്റെ അളവില്‍ പറയത്തക്ക കുറവ് ഉണ്ടായിട്ടില്ലെന്ന് സീനിയര്‍ സയന്റിസ്റ്റ് ഡോ. ദിനേശ് പറഞ്ഞു. ഓഗസ്റ്റ് 21ന് ശേഷം മഴയുടെ തോത് വളരെ കുറഞ്ഞു. അതാകാം പുഴകളില്‍ വെള്ളം കുറയാന്‍ കാരണം. മഴവെള്ളമാണ് നദികളിലെ ജലനിരപ്പ് ഉയര്‍ത്തുന്നത്. മഴ പെയ്ത് ലഭിക്കുന്ന വെള്ളം നദികളില്‍ നിന്ന് 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ കടലിലെത്തും. അതിനുശേഷം ഭൂഗര്‍ഭജലമാണ് നദിയിലേക്ക് എത്തുക. ഭൂഗര്‍ഭജലത്തിന്റെ തോത് കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണമെന്ന് കരുതുന്നതായി ഡോ. ദിനേശ് പറഞ്ഞു. പ്രളയത്തില്‍ നിറഞ്ഞൊഴുകിയ പെരിയാര്‍, കബനി നദിയിലടക്കം ജലനിരപ്പ് ഇതുവരെയില്ലാത്ത രീതിയിലാണ് താഴ്ന്നത്. പുഴയോരത്തെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഭീതിവേണ്ടെന്നും ഇത് സ്വാഭാവിക പ്രതിഭാസമാണെന്നും സിഡബ്ലുആര്‍ഡിഎം ചൂണ്ടിക്കാട്ടുന്നു. ചാലിയാറില്‍ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നിട്ടത് വെള്ളം ശക്തിമായി ഒഴുകിപോവുന്നതിന് കാരണമായി. ഷട്ടര്‍ താഴ്ത്തുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് താഴാന്‍ സാധ്യതയില്ല. മഴയില്‍ മേല്‍മണ്ണ് ധാരാളമായി ഒഴുകിവരും. ഇതില്‍ ഒരു ഭാഗം നദികളില്‍ സംഭരിക്കപ്പെടും. ഇതും വെള്ളത്തിന്റെ അളവിനെ കുറക്കാന്‍ ഇടയാക്കും. മണലെടുപ്പിന്റെ ഭാഗമായും ഇതാണ് സംഭവിക്കുന്നത്.ഭൂഗര്‍ഭജനത്തിന്റെ അളവ് ഗണ്യമായി കുറയുന്നതാണ് പുഴകളില്‍ വെള്ളം കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവ യഥേഷ്ടം ഉണ്ടായിരുന്നപ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് കൂടിയിരുന്നു. ഇത് പുഴകളെ സമ്പന്നമാക്കി. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയതോടെ വെള്ളത്തിന്റെ സംഭരണം കുറഞ്ഞു. ഭാരതപ്പുഴ, പേരാര്‍, പമ്പ തുടങ്ങിയ നദികളിലെല്ലാം സി.ഡബ്ലിയു.ആര്‍.ഡി.എം സംഘം വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതായി ഡോ. ദിനേശ് പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ പലയിടത്തും പുഴയില്‍ വെള്ളം കുറയുകയും മണല്‍തിട്ട് രൂപപ്പെടുകയും ചെയ്യുന്നുണ്ട്. കോരപ്പുഴയുടെ അഴിമുഖം മാറി എലത്തൂര്‍ മാവട്ടുകോളനിക്ക് സമീപം 250 മീറ്ററിലധികം മണല്‍തിട്ട രൂപപ്പെട്ടിട്ടുണ്ട്. ചാലിയാറിന്റെ തീരമായ മണക്കടവിലും മണല്‍തിട്ട രൂപപ്പെട്ടിട്ടുണ്ട്. പൂനൂര്‍പുഴയില്‍ ജലവിതാനം താണതും നാട്ടുകാരെ അത്ഭുതപ്പെടുത്തുകയാണ്.
ശക്തമായ മഴയെ തുടര്‍ന്ന് പൂനൂര്‍പുഴയില്‍ വെള്ളമൊഴുക്ക് ശക്തമായിരുന്നു. കക്കയം ഡാമില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടതുകാരണമാണ് പൂനൂര്‍പുഴ കരകവിഞ്ഞൊഴുകിയിരുന്നത്. എന്നാല്‍ ഏതാനും ദിവസം കൊണ്ട് ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.

ജലനിരപ്പ് കുറയുന്നത് വരാനിരിക്കുന്ന വരള്‍ച്ചയുടെ ലക്ഷണമായി കണക്കാക്കുന്നുണ്ട്. എന്നാല്‍ ശാസ്ത്രീയപഠനത്തിനു ശേഷം മാത്രമെ നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

SHARE